'വാഴക്കുലയില്‍' പൊറുക്കാനാവാത്ത പിഴവ്; ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണം; ചിന്ത ജെറോമിനെതിരെ ചങ്ങമ്പുഴയുടെ മകള്‍

യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവു മായി ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ. വാഴക്കുല രചിച്ചത് വൈലോപ്പിള്ളി എന്ന് പരാമര്‍ശമുള്ള ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണം. തെറ്റു തിരുത്തി പുതിയ പ്രബന്ധം സമര്‍പ്പിക്കട്ടെയെന്നും അവര്‍ വ്യക്തമാക്കി.

ചങ്ങമ്പുഴയുടെ കൃതി വൈലോപ്പിള്ളിയുടെ പേരില്‍ പരാമര്‍ശിക്കപ്പെട്ട സംഭവത്തില്‍ പൊറുക്കാനാവാത്ത പിഴവാണ് ഗൈഡിന് സംഭവിച്ചത്. സാധാരണക്കാര്‍ക്ക് തെറ്റുപറ്റുന്നത് പോലെയല്ല ഇത്. ഗൈഡും ഡോക്ടറേറ്റ് നല്‍കിയവരുമെല്ലാം ഒരേ പോലെ കുറ്റക്കാരാണ്. മനപ്പൂര്‍വം ചെയ്തതല്ല എന്നറിയാം. എങ്കിലും ഗൗരവത്തോടെ ചെയ്യേണ്ട കാര്യമാണല്ലോ ഗവേഷണവും പ്രബന്ധം തയ്യാറാക്കലും. ഈ വിവാദം ഉണ്ടായതിനുശേഷം ചിന്തയുടെ ഭാഗത്തുനിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ലളിത ചങ്ങമ്പുഴ ഒരു മാധ്യമത്തോട് പറഞ്ഞു.

അതേസമയം, ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ എസ്. ശാരദക്കുട്ടിയും രംഗത്തെത്തി. മലയാള ചരിത്രത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് വരെ തെറ്റിച്ച ചിന്താ ജെറോമിന്റെ പിഎച്ച്ഡി റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ചങ്ങമ്പുഴയുടെ ‘വാഴക്കുല’യെന്ന കവിതയാണ് വൈലോപ്പള്ളിയുടേതാണെന്നാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. നാടുവാഴിത്വത്തിനെതിരായ പോരാട്ടത്തില്‍ കേരളത്തില്‍ ഏക്കാലത്തും പ്രതിപാദിപ്പിക്കുന്ന കവിതയാണ് വാഴക്കുല.

നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021ലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്ത പരാമര്‍ശിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ശാരദക്കുട്ടി രംഗത്ത് എത്തിയത്.
ഗവേഷകക്ക് മലയാളസാഹിത്യത്തില്‍ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്നും അവര്‍ പറഞ്ഞു.