സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ജില്ലകളിലാണ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അടുത്ത മൂന്ന് ദിവസം കൂടി മഴ തുടര്‍ന്നേക്കാമെന്നുമാണ് മുന്നറിയിപ്പ്. തീരമേഖലയിലാകും കൂടുതല്‍ മഴ ലഭിക്കുക.

കടല്‍ക്ഷോഭ സാദ്ധ്യത കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സജീവമായ കാലാവര്‍ഷക്കാറ്റുകളാണ് മഴ ശക്തമാകാന്‍ പ്രധാന കാരണം. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാദ്ധ്യത ഉള്ളതിനാല്‍, കനത്ത ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെയോടെ മഴയുടെ തീവ്രത കുറഞ്ഞേക്കുമെന്നാണ് നിലവില്‍ കലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.