സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ നിര്‍ത്താൻ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍; മനസ്സില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികള്‍ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് മനസില്ലെന്നാണ് കേന്ദ്രസര്‍ക്കാരിനോട് തിരിച്ച് മറുപടി പറയാനുള്ളതെന്നും സംസ്ഥാനത്തെ സാമ്പത്തികമായി എത്രത്തോളം ഞെരുക്കാനാകുമോ അത്രയും ഞെരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ ധനകമ്മി സംസ്ഥാനത്ത് നല്ല രീതിയില്‍ കുറച്ചു കൊണ്ടുവന്നിട്ടുണ്ട്. ക്ഷേമപദ്ധതികള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അതിന് മനസില്ല എന്നാണ് മറുപടി. ജനസംഖ്യാ ആനുപാതികമായി കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക വിഹിതം കേരളത്തിനു നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ തരാനുള്ള 20,000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാവുന്നത്.

ഫെഡറല്‍ തത്വത്തില്‍ സാമ്പത്തിക തത്വവുമുണ്ട്. 20,000 കോടി കുറഞ്ഞാല്‍ കേരളത്തിന് താങ്ങാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാവും. എന്നാല്‍ ഇതൊന്നും ജനക്ഷേമപദ്ധതികളെ ബാധിക്കില്ല.

Read more

കേരളം ഖജനാവ് നിറഞ്ഞു കവിഞ്ഞ സംസ്ഥാനമല്ല. നല്ല സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. എന്നാലും സിവില്‍ സര്‍വീസ് മേഖലയടക്കം എല്ലാവരേയും സംതൃപ്തിയോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. ജനങ്ങളെ സഹായിക്കാന്‍ ജനപ്രതിനിധികളെ പോലെ തന്നെ സിവില്‍ സര്‍വീസിനും ഉത്തരവാദിത്വമുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.