വിസ്മയ കേസ്; വിധി ഇന്ന്, ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകും

വിസ്മയ കേസില്‍ ഇന്ന് വിധി പറയും. ഇന്ന് രാവിലെ 11 മണിക്ക് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ജഡ്ജി കെ.എന്‍. സുജിത്താണ് കേസ് പരിഗണിക്കുന്നത്. ഭര്‍ത്താവ് കിരണിന്റെ സത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് കേസ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണാണ് കേസിലെ പ്രതി. ഇയാള്‍ക്കെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തല്‍, പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിസ്മയയുടെ ശബ്ദസന്ദേശം അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. കിരണ്‍ തന്നെ മര്‍ദ്ദിച്ചിരുന്നു. ഇനിയും സഹിതക്കാന്‍ വയ്യെന്നുമെല്ലാം വിസ്മയ തന്റെ അച്ഛനോട് ഫോണ്‍ വിളിച്ചു പറയുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.

ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. കേസിന്റെ വിചാരണ പൂര്‍ത്തിയായതോടെ കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ വിധി പറയുമ്പോള്‍ കിരണ്‍ കുമാര്‍ കോടതിയിലുണ്ടാകും.