എം.പി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസ്; രാഹുല്‍ ഗാന്ധിയുടെ പി.എ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിന്റെ പേഴ്‌സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എം പി ഓഫീസിലെ ചുവരില്‍ തൂക്കിയിട്ടിരുന്ന ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്ന് എസ്പി നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയുമായിരുന്നു ഇതിനുള്ള പ്രധാന തെളിവ്. ഫോട്ടോകളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിരുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എം പി ഓഫീസില്‍ രാബുല്‍ഗാന്ധിയുടെ കസേരയില്‍ വാഴ വെക്കുന്ന സമയത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം ചുവരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയില്‍ കാണുന്നത് കമഴ്ത്തിയിട്ട നിലയിലായിരുന്നു. എം പി ഓഫിസില്‍ അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗാന്ധി ചിത്രം നശിപ്പിച്ചെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.

എന്നാല്‍ ഓഫീസിനകത്തേക്ക് അതിക്രമിച്ചു കയറിയെങ്കിലും ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് തങ്ങളല്ലെന്നായിരുന്നു എസ്എഫ്ഐക്കാരുടെ വാദം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഒരു ഇടപെടലും നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ച്. മാര്‍ച്ചില്‍ ഓഫീസിന്റെ ജനല്‍ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് 29 എസ്എഫ്ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു.