നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത സംഭാഷണത്തിന്റെ തിയതി കണ്ടെത്താനായില്ല, പരിശോധനാഫലം കോടതിയില്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത തിയതി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷന്‍. ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച പെന്‍ഡ്രൈവിന്റെ ഫോറന്‍സിക് പരിശോധന ഫലം വിചാരണക്കോടതിയില്‍ സമര്‍പ്പിക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്.

സംഭാഷണത്തിന്റെ ശബ്ദം കേള്‍ക്കാനാകുന്ന തരത്തില്‍ ബാലചന്ദ്രകുമാര്‍ എന്‍ഹാന്‍സ് ചെയ്തുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അഭിഭാഷകര്‍ മുംബൈയില്‍ പോയപ്പോള്‍ ദുരുദ്ദേശത്തോടെ ഫോണിലെ ഡേറ്റ ഡിലീറ്റ് ചെയ്തു. ഫോണിലെ വിവരങ്ങൡ കൃത്രിമം നടത്തിയിട്ടുണ്ട്. പ്രതി പലരെയും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നും ജാമ്യം റദ്ദാക്കാന്‍ നിലവിലെ തെളിവുകള്‍ മതിയെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

തെളിവുകള്‍ നശിപ്പിച്ച സാഹചര്യത്തില്‍ ഐടി വിദഗ്ധനായ സായ് ശങ്കറിനെ കേസില്‍ പ്രതിയാക്കണ്ടേയെന്ന് ചോദിച്ചു. അതേസമയം വധഗൂഢാലോചനക്കേസ് ഉദ്യോഗസ്ഥരുടെ പ്രതികാരത്തിന്റെ ഭാഗമാണൊണ് പ്രതിഭാഗത്തിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസുമായി ആലോചിച്ചുണ്ടാക്കിയതാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലിരുന്ന് കണ്ടെന്ന വാദം അവശ്വസനീയമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന ഹര്‍ജി പരിഗണിക്കുന്നത് പതിനെട്ടിലേക്ക് മാറ്റി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ക്രൈം ബ്രാഞ്ചിന്റെ പുതിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന്് ജഡ്ജി പിന്മാറി. ഇന്ന് ഹര്‍ജി പരിഗണനക്ക് വന്നപ്പോള്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറുകയായിരുന്നു. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്‍മാറിയത്.

വിചാരക്കോടതി ജഡ്ജിക്കെതിരെയും ഹര്‍ജിയില്‍ ആരോപണമുണ്ട്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് തവണ മാറി. ഇതില്‍ വിചാരണ കോടതി തുടര്‍ടപടി സ്വീകരിച്ചില്ലെന്നുമാണ്് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും.