നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സിനിമ മേഖലയിലെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിവന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. കാവ്യാ മാധവനെയും ദിലീപിന്റെ സിനിമ മേഖലയിലെ സുഹൃത്തുക്കളെയുമാണ് ചോദ്യം ചെയ്യുക.

കേസില്‍ ദിലീപിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഉറപ്പിക്കാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഒന്നരമാസത്തിനുള്ളില്‍ 30 ശതമാനത്തോളം വരുന്ന ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച് തീര്‍ക്കേണ്ടതുണ്ട്. ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാണ്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്‍കി. ഒന്നരമാസം കൂടിയാണ് സമയം നീട്ടി നല്‍കിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം 30-ന് അവസാനിച്ചതിനാലാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടിയത്.

Read more

തുടര്‍ അന്വേഷണത്തില്‍ ദിലീപിനും കൂട്ട് പ്രതികള്‍ക്കെതിരെയും നിരവധി കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നായിരുന്നു പ്രതിഭാഗം ആവശ്യപ്പെട്ടത്. തുടരന്വേഷണത്തിന്റെ ഭാഗമായി കേസില്‍ വിചാരണ അടക്കം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ വിചാരണ കോടതിയില്‍ വാദം തുടരുകയാണ്.