സമരം ചെയ്ത ഷാഫി പറമ്പില്‍, ശബരീനാഥന്‍ എന്നിവർക്കെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി; കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് മൊത്തം 1629 കേസുകൾ

കെ.ടി ജലീലിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നു. ഇതുമായി ബന്ധപ്പെട്ട് 385 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 1131 പേര്‍ അറസ്റ്റിലായിട്ടുണ്ട്. മാസ്ക് ധരിക്കാത്ത, സാമൂഹിക അകലം പാലിക്കാത്ത കുറ്റങ്ങൾക്ക് 1629 കേസുകൾ രജിസ്റ്റർ ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് എം.എൽ.എമാരായ ഷാഫി പറമ്പില്‍, ശബരീനാഥന്‍ തുടങ്ങിയവർക്കെതിരെയും നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സെപ്റ്റംബർ 21 മുതലാണ് നൂറ് പേർക്ക് കൂടിച്ചേരാവുന്ന പൊതു സമ്മേളനങ്ങൾക്ക് അനുമതി ഉള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റു കൂടിച്ചേരലുകൾ അനുവദിക്കില്ല. എന്നാൽ കോവിഡ് പ്രോട്ടോക്കോള്‍ തങ്ങൾക്ക് ബാധകമല്ല എന്ന നിലയിലാണ് പ്രതിപക്ഷം സമരം ചെയുന്നത് എന്ന് മുഖ്യമന്ത്രി അഭിപ്രയപെട്ടു. ഇത്തരം ചെയ്തികൾക്കതിരെ ഉള്ള പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിസാസ്റ്റർ മാനേജ്‍മെന്റ് ആക്ട്, കേരള എപിഡെമിക് ഡിസീസ് ഓർഡിനൻസ് എന്നിവ പ്രകാരമുള്ള നിയമനടപടികൾ ആയിരിക്കും പ്രതിഷേധിച്ചവർക്കെതിരെ കൈക്കൊള്ളുക. കോൺഗ്രസ്, ബി.ജെ.പി മുസ്‌ലിം ലീഗ്, യൂത്ത് കോൺഗ്രസ്, യുവ മോർച്ച,  മഹിളാ മോർച്ച, കെ.എസ് യു, എ.ബി.വി.പി, എം.എസ് എഫ് തുടങ്ങിയ സംഘടനകളുടെയും പാർട്ടികളുടെയും പ്രവർത്തകർ ഇതുമായി ബന്ധെപ്പെട്ട് വിവിധ ജില്ലകളിൽ അറസ്റ്റിൽ ആയിട്ടുണ്ട്.