കൊച്ചി അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് സൂപ്രണ്ടിന്റെ മര്‍ദ്ദനം; കളക്ടര്‍ വിശദീകരണം തേടി

കൊച്ചി കോര്‍പ്പറേഷന് കീഴിലെ അഗതി മന്ദിരത്തില്‍ അന്തേവാസികള്‍ക്ക് സൂപ്രണ്ടിന്റെ മര്‍ദ്ദനം. അന്തേവാസികളായ രാധാമണി, കാര്‍ത്ത്യാനി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പള്ളുരുത്തിയിലെ അഗതി മന്ദിരത്തിലാണ് സംഭവം. ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ചാണ് രാധാമണി എത്തിയത്. സംസാരിക്കുന്നതിനിടെയാണ് സൂപ്രണ്ട് മര്‍ദ്ദിച്ചത്. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് ജില്ലാ കളക്ടര്‍ എസ് സുഹാസ് ആവശ്യപ്പെട്ടു.

ചേര്‍ത്തല സ്വദേശിയായ അമ്മയ്ക്കും മകള്‍ക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മര്‍ദ്ദനമേറ്റത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകളെ, അമ്മ കുറച്ചുനാള്‍ മുമ്പ് കൊച്ചി കോര്‍പ്പറേഷന് കീഴിലെ അഗതിമന്ദിരത്തില്‍ എത്തിച്ചിരുന്നു. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സൂപ്രണ്ട് അന്‍വര്‍ ഹുസൈന്‍ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികള്‍ ചെയ്യിപ്പിക്കുന്നതായും എടിഎം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നതായും പരാതിയുണ്ട്.

Read more

ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയേയും മകളേയും സൂപ്രണ്ട് മുറിയ്ക്കുള്ളില്‍ നിന്ന് പിടിച്ചു തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഈ മാസം പതിനാറിന് സൂപ്രണ്ടിനെതിരെ കൊച്ചി നഗരസഭ മേയര്‍ക്ക് മകള്‍ പരാതി നല്‍കിയിരുന്നു. അന്‍വര്‍ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു.