കത്വ ഫണ്ട് പിരിവ്: പി.കെ ഫിറോസിനും സി.കെ സുബൈറിനും എതിരെ കേസ്, സാധാരണ വധശിക്ഷയാണ് നൽകാറെന്ന് ഫിറോസ്

കത്വ ഫണ്ട് പിരിവിൽ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനും ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈറിനുമെതിരെ പൊലീസ് കേസെടുത്തു.

യൂത്ത് ലീഗ് മുൻ നേതാവ് കൂടിയായ യൂസഫ് പടനിലത്തിന്റെ പരാതിയിൽ കുന്ദമംഗലം പൊലീസാണ് ഇരുവർക്കുമെതിരെ ഐ.പി.സി 420 പ്രകാരം കേസെടുത്തത്.

കത്വ, ഉന്നാവോ പെൺകുട്ടികളുടെ കുടംബങ്ങൾക്ക് നിയമസഹായം നൽകുന്നതിനു വേണ്ടിയാണ് യൂത്ത് ലീഗ് ഫണ്ട് പിരിവ് നടത്തിയത്. ഏകദിന ഫണ്ട് സമാഹരണം നടത്താൻ 2018 ഏപ്രിൽ 19, 20 തിയതികളിൽ സി.കെ സുബൈർ പത്രത്തിൽ പരസ്യം നൽകി പണം പിരിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ പതിവ് രീതി നോക്കുമ്പോൾ തനിക്ക് നൽകാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണ് ഈ കേസെന്നും സാധാരണ അവർ വധശിക്ഷയാണ് നൽകാറുള്ളതെന്നും ഫിറോസ് കൂട്ടിചേർത്തു.