പ്രളയജലം ആര്‍ത്തിരമ്പി വന്നിട്ടും കുലുങ്ങിയില്ല; വിമര്‍ശനങ്ങള്‍ക്ക് ഇടയില്‍ ചര്‍ച്ചയായി സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയിലെ വീട്

സംസ്ഥാനം വീണ്ടും പ്രളയമുഖത്തേയ്ക്ക് എത്തുമ്പോള്‍ വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സര്‍ക്കാര്‍ നേരിടുന്നത്. എന്നാല്‍ സഹകരണ വകുപ്പിന്റെ കീഴില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. കെയര്‍ ഹോം പദ്ധതി പ്രകാരം ചിങ്ങോലിയില്‍ നിര്‍മ്മിച്ചു നല്‍കിയ വീടാണ് ചര്‍ച്ചയ്ക്ക് ആധാരമായത്. ഉയര്‍ന്നു വരുന്ന പ്രളയജലത്തെ ഭയക്കാതെ വീട്ടില്‍ തന്നെ കഴിയാമെന്നതാണ് വീടിന്റെ പ്രത്യേകത. ചെറുതന പാണ്ടി ചെറുവള്ളില്‍ തറയില്‍ ഗോപാലകൃഷ്ണന്റേതാണ് വീട്.

കഴിഞ്ഞ പ്രളയത്തില്‍ വീടു പൂര്‍ണമായി നശിച്ച് പോയതിനെ തുടര്‍ന്നു കെയര്‍ഹോം പദ്ധതി പ്രകാരം ഗോപാലകൃഷ്ണന് പ്രളയത്തെ അതിജീവിക്കുന്ന വീട് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. വെള്ളത്തെ അതിജീവിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് നാലടിയോളം ഉയരത്തില്‍ 36 കോണ്‍ക്രീറ്റ് റിങ്ങുകള്‍ക്കു മുകളിലാണു വീട് നില്‍ക്കുന്നത്. ഭാരം കുറഞ്ഞ കട്ടകള്‍ ഉപയോഗിച്ചാണ് വീടിന്റെ നിര്‍മ്മാണം. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഷീറ്റുകള്‍ കൊണ്ടാണു മേല്‍ക്കൂര ഒരുക്കിയിരിക്കുന്നത്.

550 ചതുരശ്ര അടിയില്‍ 3 മുറികളും ഹാളും അടുക്കളയുമുള്ള വീടിന് 11 ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്. വീടിന് ഒരു വശത്ത് ചാനലും ഒരു വശത്ത് പമ്പാ നദിയും സ്ഥിതി ചെയ്യുന്ന വീട്ടിലുള്ളവര്‍ക്ക് ചുറ്റിനും വെള്ളമുയര്‍ന്നിട്ടും ഇവിടെ ഭയമില്ലാതെ താമസിക്കാന്‍ കഴിയും. നിലവില്‍ ഇവരുടെ വീടിന് ചുറ്റും രണ്ടടിയോളം ഉയരത്തില്‍ വെള്ളമുണ്ടെങ്കിലും പ്രളയഭീതി വലയ്ക്കുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

ഇതേക്കുറിച്ച് കേരള ദുരന്തനിവാരണ അതോറിറ്റി ഫെയ്സ്ബുക്ക് നല്‍കിയിരിക്കുന്ന കുറിപ്പ് വായിക്കാം