കാസര്‍ഗോഡ് മുങ്ങിയ കാര്‍ പുറത്തെടുത്തു; കാറിലുണ്ടായിരുന്ന 20 പവന്‍ സ്വര്‍ണവും പണവും ഒഴുകിപ്പോയി

കാസര്‍ഗോഡ് അരയിപ്പുഴയില്‍ കഴിഞ്ഞ ദിവസം മുങ്ങിയ കാര്‍ പുറത്തെടുത്തപ്പോള്‍ കാറിലുണ്ടായിരുന്ന 20 പവനും പതിനായിരം രൂപയും ഒഴുകിപ്പോയി. പണം സൂക്ഷിച്ചിരുന്നത് കാറിന്റെ ഗിയറിനടുത്തുള്ള ബോക്‌സിലായിരുന്നു. പിന്‍സീറ്റില്‍ വെച്ചിരുന്ന ലേഡീസ് ബാഗിലായിരുന്നു സ്വര്‍ണം. പണവും സ്വര്‍ണവും ഒഴുക്കിന്റെ ശക്തിയില്‍ ഡോറുകള്‍ തുറന്ന് പുറത്തേക്ക് പോയതാകാനാണ് സാധ്യത.

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ചായ്യോത്ത് സ്വദേശിയായ അബ്ദുള്‍സമദും ഭാര്യ നജ്മുന്നിസയുമാണ് കാറിലുണ്ടായിരുന്നത്.

Read more

ഞായറാഴ്ച രാവിലെ നീന്തല്‍ താരവും തീരദേശസ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ എം.ടി.പി. സെയ്ഫുദീന്റെ നേതൃത്വത്തിലാണ് കാര്‍ പുറത്തെടുത്തത്. കാറിന്റെ മുന്‍ഭാഗത്തെ രണ്ട് ടയറിലും വടം കെട്ടി. തുടര്‍ന്ന് സെയ്ഫുദീനും സംഘവും പിന്‍ഭാഗത്ത് കയറിയിരുന്നു. ഈ സമയം കാറിന്റെ മുന്‍ഭാഗം ഉയരുകയും നാട്ടുകാര്‍ കരയിലേക്ക് വലിച്ചു കയറ്റുകയും ചെയ്തു.