വാഹനത്തില്‍ പെട്രോള്‍ കുപ്പി ഉണ്ടായിരുന്നുവെന്നുള്ള വാദമില്ല; അന്വേഷണം പൂര്‍ത്തിയായില്ല; കണ്ണൂരില്‍ ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്തുമരിച്ച സംഭവത്തില്‍ വിശദീകരണവുമായി എംവിഡി

കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന ദാരുണമായ അപകടത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തിവരികയാണ്. വാഹനത്തിനുള്ളില്‍ പെട്ടെന്ന് തീയാളാനുള്ള കാരണങ്ങളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പലയിടത്തും പ്രചരിക്കുന്നതായി കാണുന്നു. അത്തരമൊരു നിഗമനം മോട്ടോര്‍ വാഹന വകുപ്പ് നടത്തിയിട്ടില്ല.

പൊലീസ്, ഫോറന്‍സിക്, മോട്ടോര്‍ വാഹന വകുപ്പ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ അപകട കാരണവും വാഹനത്തിനുള്ളില്‍ തീ പടരാനുള്ള കാരണവും കണ്ടു പിടിക്കാന്‍ കഴിയുകയുള്ളൂ എംവിഡി കേരള പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വാഹനത്തിനുള്ളില്‍ നിന്നും രണ്ടു പെട്രോള്‍ കുപ്പികള്‍ എംവിഡി കണ്ടെത്തിയതായി മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇതു തള്ളിയാണ് ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് തന്നെ രംഗത്തെത്തിയത്.

അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Read more

കാറില്‍ എക്സ്ട്രാ ഫിറ്റിങ്സുകള്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ നിന്ന് നേരത്തെ തന്നെ പുക ഉയര്‍ന്നതായി ദൃക്സാക്ഷികളുടെ മൊഴിയുമുണ്ട്. എന്നാല്‍ ആശുപത്രിയില്‍ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നത് അപകടത്തിന്റെ ആഴം കൂട്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.