സ്വർണക്കടത്ത് കേസ്; സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചു, സ്വപ്ന സുരേഷ് മന്ത്രി കെ. ടി ജലീലിനെയും വിളിച്ചു

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സരിത്തുമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കർ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ‍പുറത്ത്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെ സരിത്ത് നിരവധി തവണ ശിവശങ്കറുമായി ബന്ധപ്പെട്ടു എന്നതിന്റെ തെളിവ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു.

‌ഏപ്രിൽ 20-ന് തന്നെ നിരവധി തവണകളിലായി മണിക്കൂറുകളോളമാണ് ഇവരുവരും സംസാരിച്ചത്. ജൂലൈ അഞ്ചിനാണ് സരിത്ത് അറസ്റ്റിലാവുന്നത്. ഇതിന് മുമ്പ് നിരവധി തവണ സരിത്ത് സ്വർണക്കടത്ത് നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെ ശിവശങ്കറിന് കേസിൽ ബന്ധമുണ്ടെന്ന സംശയം കൂടുതൽ ശക്തമാവുകയാണ്.

സർക്കാർ പദവികളൊന്നും വഹിക്കാത്ത സർക്കാർ സ്ഥാപനങ്ങളോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത സരിത്ത് എന്തിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയെ വിളിച്ചു എന്നത് ദുരൂഹത ഇരട്ടിപ്പിക്കുന്നു.

സ്വപ്ന സുരേഷിന്റെ ഫോൺ ലിസ്റ്റും പുറത്ത് വന്നു.  ഉന്നതവിദ്യാഭ്യാസ – പ്രവാസികാര്യമന്ത്രി കെടി ജലീലിനെ സ്വപ്ന സുരേഷ് പലതവണ ബന്ധപ്പെട്ടതായി കോൾ ലിസ്റ്റിൽ വ്യക്തമാണ്. ഒമ്പത് തവണയാണ് ഇരുവരും സംസാരിച്ചത്.

ഇതേ സമയം യുഎഇ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ട പ്രകാരമാണ് താൻ സ്വപ്ന സുരേഷുമായി സംസാരിച്ചതെന്ന് മന്ത്രി കെടി ജലീൽ വിശദീകരിച്ചു. റംസാൻ കാലത്ത് യുഎഇ കോൺസുലേറ്റിൽ നിന്നും തീരപ്രദേശത്തേയും മറ്റും നി‍ർദ്ധന കുടുംബങ്ങൾക്ക് കിറ്റുകൾ നൽകാറുണ്ട്. കോവിഡ് ഭീതി കാരണം കിറ്റ് വിതരണം ഇത്തവണ മുടങ്ങി.

ഇതുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റ് ജനറലുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് സ്വപ്നയെ താൻ വിളിച്ചതെന്നും മന്ത്രി പറയുന്നു.