വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

കൊച്ചിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ആലുവയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ജനകീയം ഈ അതിജീവനം’ എന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു മന്ത്രി. ഉദ്ഘാടനത്തിന് ശേഷം വാഹനത്തില്‍ കയറുമ്പോഴാണ് അഞ്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി മന്ത്രിയുടെ വാഹനത്തിന് മുമ്പിലേക്ക് എത്തിയത്. തുടര്‍ന്ന് പൊലീസുകാരുമായി പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രതിഷേധമുണ്ടാക്കിയ കെഎസ്‌യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും മന്ത്രിയുടെ വാഹനം സ്ഥലത്തുനിന്നും പൊലീസ് കടത്തിവിടുകയും ചെയ്തു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുമ്പിലും കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കെഎസ്‌യുവിന്റെ നാല് വനിത പ്രവര്‍ത്തകരാണ് ക്ലിഫ് ഹൗസിന് മുമ്പിലെത്തി പ്രതിഷേധിച്ചത്. ആറുദിവസമായി സെക്രട്ടറിയറ്റിന് മുമ്പില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്ലിഫ് ഹസിലേക്ക് തള്ളികയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് നിര്‍ബന്ധപൂര്‍വ്വം ഗേറ്റിന് പുറത്തെത്തിച്ചു.