ജനങ്ങളുടെ പള്‍സ് മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും സി. എന്‍ ജയദേവന്‍

കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി സി എന്‍ ജയദേവന്‍. ജനങ്ങളുടെ പള്‍സ് മനസ്സിലാക്കാതിരുന്നതാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായില്ല. ഏക എം.പിയായ തന്നെ മാറ്റിയത് ജനങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണത്തില്‍ സജീവമായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ഉള്ളത്ര സജീവമായിരുന്നില്ല. തൃശൂരില്‍ മൂന്നാം സ്ഥാനത്ത് എത്താനിടയായത് എങ്ങിനെയെന്ന് പരിശോധിക്കുമെന്നും സി.എന്‍ ജയദേവന്‍ പറഞ്ഞു.

തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് സിഎന്‍ ജയദേവന്‍, കെപി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകളടങ്ങിയ പട്ടികയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നത്. വീണ്ടും മത്സരിക്കാനുളള സന്നദ്ധത സി എന്‍ ജയദേവന്‍ അറിയിച്ചിരുന്നെങ്കിലും ഒടുവില്‍ രാജാജി മാത്യുവിനെയാണ് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.