ബെല്ലി ഡാന്‍സ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, റോഡ് ഷോ ഡ്രൈവർക്ക് പരിശീലനം നൽകാൻ: റോയ് കുര്യന്‍

പ്രമുഖ വ്യവസായി റോയ് കുര്യന്‍ കോടികള്‍ വിലയുള്ള തന്റെ ബെന്‍സ് കാറും അകമ്പടിയായി തന്റെ ക്രഷര്‍ യൂണിറ്റിലേക്ക് വാങ്ങിയ അഞ്ച് ടോറസ് വാഹങ്ങളും വെച്ച് കോതമംഗലത്ത് നടത്തിയ റോഡ് ഷോ വിവാദമായിരുന്നു. കോവിഡ് കാലത്ത് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബെല്ലി ഡാന്‍സ് നടത്തുകയും അതിനെതിരെ പൊലീസ് കേസെടുത്തതിനും പിന്നാലെയായിരുന്നു പുതിയ വിവാദം. എന്നാൽ താന്‍ ചെയ്തതൊന്നും വലിയ തെറ്റായി കരുതുന്നില്ല എന്ന് റോയ് കുര്യന്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോർട്ട് ചെയ്തു.

താന്‍ പണം കൊടുത്ത് വാങ്ങിയ വാഹനത്തിന്റെ മുകളിലിരുന്ന് യാത്ര ചെയ്തതും ടോറസ് ലോറികള്‍ അകമ്പടി വന്നതും പുതിയ വാഹനമായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഓടിക്കാനുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആണ്. തനിക്കെതിരെ ഒരു ഗൂഢസംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. തന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരാണിവര്‍ എന്നും റോയ് കുര്യന്‍ പറഞ്ഞു.

കോതമംഗലം ക്ലബ്ബിലെ അംഗമായ തനിക്കെതിരെ ആരോപണങ്ങൾ സൃഷ്ടിക്കുന്നത് ക്ലബ്ബിലെ ചില മെമ്പര്‍മാരാണ് എന്ന് റോയ് കുര്യന്‍ ആരോപിച്ചു. കോവിഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയായിരുന്നു ബെല്ലി ഡാന്‍സ് നടത്തിയത്. താന്‍ ക്ഷണിച്ച് വരുത്തിയ അതിഥികളാണ് അതിൽ പങ്കെടുത്തത്. ഈ അതിഥികളുടെ ഒപ്പം എത്തിയ മറ്റാരോ ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. നല്ല സുഹൃത്തുക്കൾ ആണ് തനിക്ക് കൂടുതലും ഉള്ളത്. എന്നാൽ ചില സുഹൃത്തുക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ആരോപണങ്ങൾ എന്നും റോയ് കുര്യന്‍ പറഞ്ഞു.

കോതമംഗലം ചെറിയപള്ളിയിലെ അനീതികള്‍ ചൂണ്ടിക്കാണിച്ചത്തിന്റെ പേരിൽ പള്ളിയിലെ ചില അംഗങ്ങള്‍ തനിക്ക് എതിരെ അപവാദ പ്രചാരണം നടത്തുന്നുണ്ട്. പള്ളിയിലെ എല്ലാവരും അങ്ങനെ ആണെന്ന് പറയുന്നില്ല. തന്റെ പിതാവ് എല്‍.ഡി.എഫ് പ്രവര്‍ത്തകനാണെന്നും ആ പാരമ്പര്യം തനിക്കുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ബിസിനസ് കാരണങ്ങളാല്‍ പാര്‍ട്ടി പ്രവര്‍ത്തനം ഇല്ലെന്നും റോയ് കുര്യന്‍ വ്യക്തമാക്കി. ഇലക്ഷന്‍ സമയമാകുമ്പോള്‍ എല്ലാ പാര്‍ട്ടിക്കാരെയും താന്‍ സഹായിക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്‌നമുണ്ടായപ്പോള്‍ ചില യു.ഡി.എഫ് പ്രാദേശിക നേതാക്കള്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തി. എന്നാല്‍ അതിനു മുകളിലേക്ക് ഉള്ളവരുമായി തനിക്ക് ബന്ധമുണ്ടെന്നും റോയ് കുര്യന്‍ പറഞ്ഞു.

കോതമംഗലത്തെ ഒരു വനിതാ തഹസില്‍ദാരിനെ ഫോണില്‍ വിളിച്ച് ചീത്ത പറഞ്ഞു എന്ന പൊലീസ് കേസ് താന്‍ മനസാവാചാ അറിയാത്ത സംഭവമാണ് എന്ന് റോയ് കുര്യന്‍ പറഞ്ഞതായാണ് റിപ്പോർട്ട് . കോതമംഗലം ക്ലബ്ബില്‍ വെച്ച് തന്റെ ഫോണെടുത്ത് മറ്റേതോ മെമ്പറാണ് അത്തരം പ്രവൃത്തി ചെയ്തത്. തഹസില്‍ദാര്‍ തന്റെ ബന്ധുവാണ്. അതിനാല്‍ കുടുംബക്കാര്‍ ഇടപെട്ട് ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നും റോയ് കുര്യന്‍ പറഞ്ഞു.

റോഡ് ഷോ നടത്തിയതിന് നിലവില്‍ കോതമംഗലത്തും ഇടുക്കിയിലും കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായ വണ്ടിയോടിക്കലിനാണ് കേസ്. ട്രാഫിക് നിയമം തെറ്റിച്ചതിന് വണ്ടിയുടെ ഡ്രൈവർക്കും റോയ് കുര്യനും എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.