ബ്രൂവറി അഴിമതി കേസുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ കൂടുതല്‍ സമയം തേടി. തുടര്‍ന്ന ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം പത്തിലേക്ക് മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസില്‍ സാക്ഷി മൊഴി നല്കാന് മുന്‍ മന്ത്രിമാരായ ഇ.പി ജയരാജനും, വി.എസ് സുനില്‍കുമാറും ഇന്ന് ഹാജരായില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ചുമതലയിലാണെന്ന് ഇരുവരും കോടതിയെ അറിയിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്നാണ് പരാതി.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അഴിമതി ആരോപിച്ച് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണന് എന്നിവര്‍ക്ക് എതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ബിയര്‍ നിര്‍മാണത്തിന് പുതിയ മൂന്ന് ബ്രൂവറികള്‍ക്കും മദ്യനിര്‍മാണത്തിന് രണ്ട് ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കുമാണ് അന്ന് അനുമതി നല്‍കിയത്. ഇതില്‍ അഴിമതിയുണ്ടെന്ന് ആയിരുന്നു ആരോപണം. കേസില്‍ ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.