കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം: സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വില നിയന്ത്രണം സ്റ്റേ ചെയ്ത സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് പരിഗണിക്കുന്നത്.

കുപ്പിവെള്ളത്തെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വില കുറച്ച് ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഇതിനെതിരെ കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടന ഹര്‍ജി നല്‍കി. ഈ ഹര്‍ജി പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തത്. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഭക്ഷ്യ വസ്തുക്കളുടെ വില നിര്‍ണ്ണയിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും, സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കാന്‍ അധികാരം ഇല്ലെന്നുമായിരുന്നു കോടതി ചൂണ്ടിക്കാണിച്ചത്.

സര്‍ക്കാരിന് അധികാരം ഇല്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവില്‍ അപാകത ഇല്ലെന്നായിരുന്നു നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ഡിവിഷന്‍ ബഞ്ചും വ്യക്തമാക്കിയത്. സിംഗിള്‍ ബഞ്ച് ഇടക്കാല ഉത്തരവ് മാത്രമാണ് ഇറക്കിയതെന്നും, വിശദമായ വാദം സിംഗിള്‍ ബഞ്ചില്‍ നടത്താവുന്നതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നേരെത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സര്‍ക്കാര്‍ കുപ്പിവെള്ളത്തിന് 13 രൂപയായി വില കുറച്ച് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവാണ് കഴിഞ്ഞ മാസം സ്റ്റേ ചെയ്തത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുത്തനെ ഉയര്‍ത്തിയിരുന്നു. 20 രൂപ വരെയായിരുന്നു ഈടാക്കിയത്.