ബോണക്കാട് പ്രശ്നം; സഭ താൽക്കാലികമായി സമരം അവസാനിപ്പിക്കുന്നു, 'നിയന്ത്രണ വിധേയമായി' ആരാധന അനുവദിക്കുമെന്ന് വനം മന്ത്രി

ഏറെ വിവാദങ്ങൾക്ക് വഴി വെച്ച ബോണക്കാട് പ്രശ്നത്തിൽ സഭ താൽക്കാലികമായി സമരം അവസാനിപ്പിക്കുന്നു. നിയന്ത്രണ വിധേയമായി ആരാധന അനുവദിക്കുമെന്ന് വനം മന്ത്രി വ്യക്തമാക്കി. എന്നാൽ മലയിൽ കുരിശ് നിർമിക്കാനാവില്ലെന്ന് സഭാ പ്രതിനിധികളെ മന്ത്രി അറിയിച്ചു.

ഈ അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് സഭ തൽക്കാലത്തേക്ക് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വിശേഷ ദിവസങ്ങളിലും ആരാധനയ്ക്ക് അനുമതി നൽകും. പ്രശ്നം സമവായത്തലേക്ക് എത്തിയ സാഹചര്യത്തിൽ നാളെ നടത്താനിരുന്ന ഉപവാസ സമരം പിൻവലിച്ചു. കൂടുതൽ പേരെ ഒരേ സമയം മലകയറാൻ അനുവദിക്കില്ല. വിശേഷ ദിവസങ്ങളിലും മറ്റും ആരാധനക്ക് അനുവാദമുണ്ടായിരിക്കും. വനംവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാൽ പുതിയ നിർമിതികൾ അനുവദിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോടതി നിര്‍ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സഭാനേതൃത്വം മുഖ്യമന്ത്രിയുമായും ചർച്ച നടത്തും. പാർട്ടി സമ്മേളനങ്ങളുടേയും മറ്റും തിരക്കുകൾ കഴിഞ്ഞായിരിക്കും ചർച്ച.

ആരാധനാ സ്വാതന്ത്ര്യത്തിനായി മുഖ്യമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ലത്തീൻ അതിരൂപത ആര്‍ച്ച്ബിഷപ്പ് സൂസെപാക്യം പ്രതികരിച്ചു.