കോഴിക്കോട് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം; രേഖാചിത്രം തയ്യാറാക്കി

കോഴിക്കോട് മുക്കത്ത് വെട്ടി മാറ്റിയ നിലയില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖാചിത്രം തയ്യാറാക്കി. കയ്യും കാലും തലയും വെട്ടി മാറ്റിയ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. മൃതദേഹത്തിന്റെ നാല് ശരീര ഭാഗങ്ങള്‍ പല ഭാഗത്തു നിന്നും ആയിരുന്നു കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയില്‍ നാല് ശരീരഭാഗങ്ങളും ഒരാളുടേത് എന്ന് തിരിച്ചറിഞ്ഞിരുന്നു.

2017 ജൂലൈ 6- നായിരുന്നു നാടിനെ നടുക്കിയ സംഭവം. ആദ്യം റോഡരികില്‍ ഉപേക്ഷിച്ച ചാക്കുകെട്ടില്‍ നിന്നും തലയും കാലും കൈയും ഇല്ലാത്ത ഒരു ശരീരഭാഗം കണ്ടെത്തുകയുമായിരുന്നു. പിന്നീട് ചാലിയം കടപ്പുറത്ത് നിന്നാണ് ഒരു കൈയുടെ ഭാഗം കിട്ടുന്നത്. അത് ഡിഎന്‍എ ടെസ്റ്റിലൂടെ രണ്ടും ഒരു ശരീരത്തിന്റെ തന്നെയെന്ന് ഉറപ്പു വരുത്തി. പിന്നീട് മറ്റൊരു സ്ഥലത്തു നിന്നും തലയോട്ടിയും കിട്ടി. അതും ഈ ശരീരഭാഗത്തെ തന്നെയെന്ന് ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു.

കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടി ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ പലയിടങ്ങളില്‍ ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്. രേഖാചിത്രം തയ്യാറാക്കിയതോടെ അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി ജയരാജിന് നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫനാണ് കേസ് അന്വേഷിക്കുന്നത്