തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന് പുല്ലുവില: ശബരിമല പ്രചാരണ വിഷയമാക്കുമെന്ന് ബി.ജെ.പി; തടയാന്‍ ആരുണ്ടെന്ന് നോക്കാമെന്ന് ശ്രീധരന്‍ പിള്ള

തിരഞ്ഞടുപ്പ് കമ്മീഷനെ വകവെയ്ക്കാതെ ശബരിമല വിഷയം പ്രചാരണത്തില്‍ സജീവമാക്കാനൊരുങ്ങി ബിജെപി. ശബരിമല വിഷയം പറയുന്നിടത്ത് പാര്‍ട്ടിക്ക് പിന്തുണയേറുന്നുവെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയുടെ ഇത്തരമൊരു നിലപാട്.

ശബരിമല വിഷയം പ്രചാരണ വിഷയമാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇത് അവഗണിച്ച് മുന്നോട്ട് പോകാനാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കോഴിക്കോടത്തെ ചടങ്ങില്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. തടയാന്‍ ആരുണ്ടെന്ന് നോക്കാമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ബി.ജെ.പി കണക്കുകൂട്ടിയതിന് അപ്പുറമുള്ള സ്വീകാര്യതയാണ് ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ലഭിക്കുന്നതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പത്തനംതിട്ടയിലും തൃശൂരുമടക്കം വിഷയം ശക്തമായ സ്വാധീനം ചെലുത്തുമെന്നും നേതൃത്വം കരുതുന്നു.