ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് കെ. സുരേന്ദ്രൻ; സേവാഭാരതിയുടെ പേരിലുള്ള പാസിൽ കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര നടത്തി

പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ നടത്തിയ യാത്ര വിവാദമാകുന്നു. ഡിജിപിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നാണ് സുരേന്ദ്രന്റെ അവകാശവാദം. അതേസമയം സേവഭാരതിയുടെ പേരിൽ സംഘടിപ്പിച്ച പാസിലായിരുന്നു സുരേന്ദ്രന്റെ യാത്ര എന്നാണ് സപെഷ്യൽ ബ്രാഞ്ചിന് കിട്ടിയിരിക്കുന്ന പ്രാഥമിക വിവരം.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രൻ ഇന്നലെ തലസ്ഥാനത്തെത്തി വാർത്താസമ്മേളനം നടത്തിയതോടെയാണ് ലോക്ക് ഡൗൺ ലംഘനം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. സേവാഭാരതിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനെന്ന പേരിൽ യാത്രാ പെർമിറ്റ് സംഘടിപ്പിച്ച ഒരു വാഹനത്തിൻ്റെ മറവിലാണ് സഞ്ചാരം എന്നും പൊലീസിന് വിവരം ലഭിച്ചു. ലോക്ക് ഡൗൺ കാലത്ത് എല്ലാവരും വീട്ടിലിരിക്കണമെന്നാണ് ഉത്തരവ്‌. അത്യാവശ്യ കാര്യങ്ങൾക്ക്‌ മാത്രമേ പുറത്തിറങ്ങാവൂ. എന്നിട്ടും ഇതെല്ലാം അട്ടിമറിച്ചാണ് സുരേന്ദ്രൻ്റെ യാത്രയും വാർത്താ .സമ്മേളനവും.

ഡിജിപി അറിഞ്ഞ്, എസ്പി നൽകിയ അനുമതിയോടെയാണ് ജില്ലകൾ കടന്നുള്ള യാത്രയെന്നാണ് സുരേന്ദ്രന്റെ അവകാശവാദം. എന്നാൽ, സുരേന്ദ്രന്റെ ഈ വാദം ഉന്നത പൊലീസുദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. തീവ്രബാധിത പ്രദേശമായ കോഴിക്കോട് ജില്ലയിൽ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പൊലീസ് യാത്ര അനുമതി ആർക്കും നൽകുന്നില്ല. അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. തിരുവനന്തപുരത്ത് ചികിത്സക്കെത്താൻ പോലും യാത്ര വിലക്ക് കാരണം വടക്കൻ കേരളത്തിൽ നിന്നുള്ളവർ ബുദ്ധിമുട്ടുമ്പോൾ എല്ലാ വിലക്കും ലംഘിച്ചുള്ള സുരേന്ദ്രന്റെ യാത്ര പൊലീസിൽ തന്നെ ചർച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ നിർദേശം ബിജെപി അദ്ധ്യ ക്ഷൻ തന്നെ മറികടന്നതിനെതിരെയും വിമർശനമുയരുകയാണ്.