ചാരിറ്റി മാഫിയാ തലവന് ബി.ജെ.പി വോട്ട് വിറ്റത് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്ന്; തെളിവുകള്‍ പുറത്തുവിടുമെന്ന് ജലീല്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്ന് കെടി ജലീല്‍. വോട്ട് കിട്ടാന്‍ ബി.ജെ.പി നേതാക്കളെ കാണാന്‍ തയ്യാറാണെന്ന മുസ്ലീം ലീഗ് നേതാവ് പി.എം.എ സലാമിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് ആരോപണവുമായി ജലീല്‍ രംഗത്തെത്തിയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂരില്‍ യു.ഡി.എഫ് ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയെന്നും ഇതിന് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നുവെന്നും ജലീല്‍ ആരോപിച്ചു.

തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് വെറും ഒന്‍പതിനായിരത്തി തൊള്ളായിരം മാത്രമാണ്. പതിനായിരം വോട്ടിന്റെ കുറവാണ് ബി.ജെ.പിയുടെ വോട്ടു പെട്ടിയില്‍ പ്രകടമായത്. ചാരിറ്റി മാഫിയാ തലവന് പതിനായിരം വോട്ടുകള്‍ ബി.ജെ.പി വിറ്റത് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നാണ്. അതിന്റെ ഓഡിയോ ക്ലിപ്പും താമസിയാതെ പുറത്ത് വരും, ജലീല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മൂന്ന് കേന്ദ്ര ഏജന്‍സികള്‍ അരിച്ചുപെറുക്കി നോക്കിയിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിയാത്തതിന്റെ ജാള്യതയും വിദ്വേഷവും മറച്ചുവെക്കാന്‍ ജനകീയ കോടതിയില്‍ ഈയുള്ളവനെ തോല്‍പ്പിക്കാനായിരുന്നു ബി.ജെ.പിയുടെ ഗൂഢപദ്ധതി. അത് മനസ്സിലാക്കിയാണ് എന്റെ കരള് ചോര്‍ത്തി ചോര കുടിക്കാന്‍ തന്ത്രപരമായ കരുനീക്കം ബി.ജെ.പിയെ കൂട്ടുപിടിച്ച് ലീഗ് നടത്തിയത്.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍പ്പകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. മുബാറക്ക് പാഷയെ നിയമിച്ചതില്‍ കലിപൂണ്ട വെള്ളാപ്പള്ളി മുതലാളിയെയും ഈയുള്ളവനെ തറപറ്റിക്കാന്‍ ലീഗും ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസ്സും അന്ന് കുട്ടുപിടിച്ചത് തവനൂരുകാര്‍ക്കറിയുന്ന പരസ്യമായ രഹസ്യമാണ്. ചതിക്കുഴികള്‍ വേണ്ടുവോളം കുഴിച്ചിട്ടും കോഴിക്കോട് സൗത്തിലും തവനൂരിലും എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ലീഗിനോ കോണ്‍ഗ്രസ്സിനോ കഴിഞ്ഞില്ല. ഇനിയൊട്ട് കഴിയുകയുമില്ലെന്നും കെ.ടി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Read more