ബിജെപി നേതാക്കൾ ഇനി നിരീക്ഷണത്തിൽ; പാർട്ടിപരിപാടികളിൽ നിന്ന് വിട്ടുനിന്നാല്‍ നടപടി

സംസ്ഥാന ബി.ജെ.പിയിൽ ​ഗ്രൂപ്പ് പോരും നേതാക്കളുടെ അനൈക്യവും രൂക്ഷമായ സാഹചര്യത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പുതിയ സംവിധാനം വരുന്നു. ബൂത്ത്, പഞ്ചായത്തുതലം മുതൽ സംസ്ഥാനതലംവരെ പാർട്ടി നേതാക്കളുടെ പ്രവർത്തനം മേൽഘടകങ്ങൾ വിലയിരുത്തുന്ന തരത്തിലാണ് പുതിയ സംവിധാനം. നേതാക്കൾ തങ്ങളുടെ ചുമതല കൃത്യമായ നിർവഹിക്കുന്നുണ്ടോ എന്നറിയാനാണ് ബി.ജെ.പി നേതാക്കളെ നിരീക്ഷിക്കാൻ തീരുമാനിച്ചത്.

തുടര്‍ച്ചയായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നവരെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കാനാണ് തീരുമാനം. മൂന്നുതവണ തുടര്‍ച്ചയായി പങ്കെടുക്കാത്തവരെയാണ് ഒഴിവാക്കുക. നേരത്തെ ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പാർട്ടിയുടെ പരിപാടികളിൽ നിന്ന് ഏറെ കാലം വിട്ടുനിന്നിരുന്നു. സംഘടനാ നേതൃത്വവുമായുള്ള അഭിപ്രായ വെത്യാസങ്ങളാണ് മുതിർന്ന നേതാക്കളുടെ വിട്ടുനിൽക്കലിന് കാരണം. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പുതിയ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്.

സാമൂഹികമാധ്യമങ്ങളില്‍ നേതാക്കളുടെ ഇടപെടല്‍ നിരീക്ഷിക്കും. വിവിധവിഷയങ്ങളിൽ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായി നേതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുന്നത് തടയുകയാണ് ഉദ്ദേശം. ഇത്തരത്തിൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് സംഘടനാ ദൗർബല്യങ്ങൾ നീക്കുകയാണ് ലക്ഷ്യം.