'ഫോണ്‍ റെക്കോഡ് ചെയ്ത് സംഭാഷണം പുറത്തു വിട്ടതിലൂടെ അമൃത് രംഗന്‍ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തി'; കളമശേരി എസ്‌.ഐക്കെതിരെ ബി.ജെ.പി നേതാവ്

സി.പി.ഐ.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനും എസ്‌ഐ അമൃത് രംഗനും തമ്മില്‍ തര്‍ക്കിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്ന സംഭവത്തില്‍ എസ്.ഐയെ വിമര്‍ശിച്ച് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ രംഗത്ത്. ഫോണ്‍ റെക്കോഡ് ചെയ്ത് സംഭാഷണം പുറത്തു വിട്ടതിലൂടെ അമൃത് രംഗന്‍ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“എന്ത് ധൈര്യത്തിലാണ് ഇനി പൊതുപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഫോണ്‍ ചെയ്യുക ? ഫോണ്‍ സംഭാഷണം പുറത്ത് വിടും മുമ്പ് അമൃത് രംഗന്‍ പത്ത് തവണ ആലോചിക്കണമായിരുന്നു. അത് മാന്യതയുള്ള നടപടിയായില്ല” സന്ദീപ് ജി വാര്യര്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്‌

അമൃത രംഗൻ സംഘർഷ സ്ഥലത്ത് നിൽക്കുന്ന സമ്മർദ്ദത്തോടെയാണ് സംസാരിച്ചത് എന്നാണ് മനസ്സിലാക്കുന്നത് . എസ് ഐ സംഭവസ്ഥലത്ത് നിൽക്കുകയാണ് എന്ന ബോധം സക്കീർ ഹുസൈനും വേണമായിരുന്നു. ഫ്രീ ആകുമ്പോൾ ഒന്നു വിളിക്കൂ എന്നുപറഞ്ഞ് ആ സംഭാഷണം സക്കീർ ഹുസൈന് അവിടെ അവസാനിപ്പിക്കാമായിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിന് കുറച്ചുകഴിഞ്ഞ് വിളിക്കാമായിരുന്നു.

മറ്റൊന്ന് സ്വന്തം പാർട്ടിയിലെ വിദ്യാർഥി സംഘടനയുടെ ജില്ലാ നേതാവിനെ പോലീസ് പിടിച്ചു കൊണ്ടുപോയാൽ സ്വാഭാവികമായും ആ സമ്മർദ്ദം സക്കീർ ഹുസൈനും ഉണ്ടാകുമെന്ന് അമൃത രംഗനും മനസ്സിലാക്കണമായിരുന്നു. ഞാൻ തിരക്കിലാണെന്നും പിന്നീട് വിളിക്കാം എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്ത് അനാവശ്യമായ വർത്തമാനങ്ങൾ ഒഴിവാക്കാമായിരുന്നു. പിന്നീട് ഫോൺ ചെയ്തു കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞ് സക്കീർ ഹുസൈനെ ബോധ്യപ്പെടുത്താമായിരുന്നു.

ഫോൺ റെക്കോർഡ് ചെയ്ത് സംഭാഷണം പുറത്തുവിട്ടതിലൂടെ അമൃത രംഗൻ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തി എന്ന് പറയാതെ വയ്യ. എന്ത് ധൈര്യത്തിലാണ് ഇനി ഒരു സാധാരണക്കാരൻ ഏതെങ്കിലും രഹസ്യവിവരം അദ്ദേഹത്തെ വിളിച്ച് കൈമാറുക? എന്ത് ധൈര്യത്തിലാണ് ഇനി പൊതു പ്രവർത്തകർ അദ്ദേഹത്തെ ഫോൺ ചെയ്യുക ? ഫോൺ സംഭാഷണം പുറത്ത് വിടും മുൻപ് അമൃത രംഗൻ പത്ത് തവണ ആലോചിക്കണമായിരുന്നു. അത് മാന്യതയുള്ള നടപടിയായില്ല.

കുറച്ചു വർഷങ്ങൾക്കു മുമ്പ് എൻറെ നാട്ടിൽ ഒരു എസ്ഐ ഉണ്ടായിരുന്നു. വളരെ സീനിയറായിരുന്നു. ഹെഡ് മൂത്ത് എസ്ഐ ആയതാണ് . അതിൻറെ അനുഭവ പരിജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു.

പരമാവധി പരാതികൾ രണ്ടു കൂട്ടരേയും വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കി വിടും. വർഷങ്ങളോളം കോടതിവരാന്തയിൽ സാധാരണക്കാർ ബുദ്ധിമുട്ടുന്നത് എസ്ഐയുടെ മുറിയിൽ ഏതാനും മണിക്കൂറുകൾ കൊണ്ട് അവസാനിക്കുമായിരുന്നു. രാഷ്ട്രീയ പ്രശ്നങ്ങൾ പോലും അങ്ങനെ പറഞ്ഞ് പറഞ്ഞവസാനിപ്പിച്ചിട്ടുണ്ട്.

എല്ലാ പാർട്ടികളിൽ പെട്ട പൊതുപ്രവർത്തകരുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ പരമാവധി ഉൾക്കൊണ്ടാണ് എല്ലാവരും പ്രവർത്തിച്ചത്. അദ്ദേഹത്തിൻറെ കാലയളവിൽ കാര്യമായ ലോ ആൻഡ് ഓർഡർ പ്രശ്നങ്ങളൊന്നും തന്നെ സ്റ്റേഷൻ പരിധിയിൽ ഉണ്ടായിട്ടുമില്ല.

ഡിപ്ലോമസി എന്ന് പറയും. അത് രാഷ്ട്രീയക്കാർക്കും പൊലീസുകാർക്കും ഉൾപ്പെടെ എല്ലാവർക്കും നല്ലതാണ്. ഒന്ന് മസിലുപിടുത്തം അവസാനിപ്പിച്ച് രണ്ടുകൂട്ടരും അയഞ്ഞു സംസാരിച്ചാൽ നാട്ടിലെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും. ബ്യൂറോക്രസിയും ജുഡീഷ്യറിയും ഒക്കെ ജനാധിപത്യത്തിനും മേലെയാണെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെയാവരുത് .

NB : ഏതെങ്കിലും കേസ് വരുമ്പോൾ രാഷ്ട്രീയക്കാരെ വിളിക്കാതെ പോലീസ് സ്റ്റേഷനിൽ പോയി പരിചയമുള്ളവർ വിമർശിക്കുക. പോലീസും പൊതു പ്രവർത്തകരും തമ്മിൽ നല്ല ബന്ധം ഉണ്ടാകുന്നതാണ് സമൂഹത്തിന് നല്ലത്.