'വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ നാടിനെ നയിക്കാന്‍ യോഗ്യനല്ല'; കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജിവെച്ച് ബി.ജെ.പി നേതാവ്

തിരുവനന്തപുരത്ത് മകളുടെ ഭര്‍ത്താവ് വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജെപി ജില്ലാ നേതാവ് സ്ഥാനം രാജിവെച്ചു. സന്തോഷ് വിളപ്പിലാണ് എസ് സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ‘വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ നാടിനെ നയിക്കാന്‍ യോഗ്യനല്ല’ എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സന്തോഷിന്റെ മകളുടെ ഭര്‍ത്താവ് വിളപ്പില്‍ നൂലിയോട് രഞ്ജിത്തിനെ കഞ്ചാവ് ചെടി വളര്‍ത്തിയതിന് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലാണ് രഞ്ജിത്ത് കുടുംബസമേതം താമസിച്ചിരുന്നത്. പച്ചക്കറി കൃഷിക്ക് ഇടയിലായി രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളില്‍ 17 കഞ്ചാവ് ചെടികളാണ് രഞ്ജിത്ത് വളര്‍ത്തിയിരുന്നത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് പിടിയിലായത്.

അതേസമയം കഞ്ചാവ് ചെടി നട്ടുവളര്‍ത്തുന്നതടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന താന്‍ തന്നെയാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചതെന്നും സന്തോഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിപിഎം, കോണ്‍ഗ്രസ് അവിശുദ്ധ മുന്നണി ഈ സംഭവത്തെ തനിക്ക് എതിരെ ഉള്ള രാഷ്ട്രീയ ആയുധമാക്കി വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

 

സിപിഎം ന്റെ രാഷ്ട്രീയ പാപ്പരത്വം.
നമസ്‌കാരം ഞാന്‍ വിളപ്പില്‍ സന്തോഷ് എന്റെ മരുമകന്‍ (മകളുടെ ഭര്‍ത്താവ് ) വീട്ടില്‍ രണ്ടാം നിലയില്‍ താമസിക്കുന്നു. അവിടെ കഞ്ചാവ് ചെടി നട്ടുവളര്‍തുന്നതായും അതുപോലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും ശ്രദ്ധയില്‍ പെട്ടതിനാല്‍ ഞാന്‍ ബന്ധപ്പെട്ട പോലീസ് അധികാരികളുമായി ബന്ധപെടുകയും മേല്‍ നടപടികള്‍ കൈകൊള്ളാന്‍ ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി, അതിന്‍പ്രകാരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്

ഇതെല്ലാം സത്യമാണ് എന്നിരിക്കെ സിപിഎം, കോണ്‍ഗ്രസ് അവിശുദ്ധ മുന്നണി ഇത് എനിക്ക് എതിരെ ഉള്ള രാഷ്ട്രീയ ആയുധമാക്കി സത്യത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്, സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ അച്ഛന്റെ അധികാരമുപയോഗിച്ച് കള്ളകടത്തും,ലഹരി ഇടപാടുകളും, ഹവാലാ ഇടപാടുകളും നടത്തി ജയിലില്‍ ആയപ്പോള്‍ ‘മക്കള്‍ ചെയ്ത തെറ്റിന് അച്ഛന്‍ എന്ത് പിഴച്ചു’ എന്ന് കവലകളില്‍ മുതല കണ്ണീര്‍ ഒഴുക്കിയവര്‍ ആണ് ഇന്ന് എനിക്ക് എതിരെ കുപ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്. എന്റെ മരുമകന്‍ അല്ല മകനായാലും തെറ്റ് ചെയ്തുടെണ്ടെങ്കില്‍ അയാളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ഞാന്‍ തന്നെ മുന്നില്‍ ഉണ്ടാകും.

ഈകുപ്രചാരണങ്ങള്‍ കൊണ്ടു തകര്‍ക്കവുന്നതല്ല എന്നിലെ രാഷ്ട്രീയ കാരനെ, ആരോപണങ്ങളെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നു, എന്നും ദേശീയതയോട് ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കാന്‍ ഞാന്‍ മുന്നില്‍ തന്നെ ഉണ്ടാകും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ ??