കേരളത്തിൽ ബി.ജെ.പി 14 സീറ്റിൽ, സ്ഥാനാർത്ഥി ലിസ്റ്റ് ഇന്ന് രാത്രി

ബിജെപി സ്ഥാനാർത്ഥി പട്ടിക രാത്രിയോടെ പുറത്തു വരുമെന്ന് സൂചന. സീറ്റ് വിഭജനം സംബന്ധിച്ച് മാത്രമേ ധാരണയായിട്ടുള്ളൂ എന്നും സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു വരികയാണെന്നും പാർട്ടിയുടെ ദേശീയ സെക്രട്ടറി മുരളീധർ റാവു ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കേരളത്തിൽ ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കും. കേരളാ കോൺഗ്രസ് നേതാവ് പി സി തോമസിന് കോട്ടയം സീറ്റ് നൽകി. വയനാട്, ആലത്തൂർ, തൃശ്ശൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുക.

വാർത്താസമ്മേളനത്തിൽ തുഷാർ വെള്ളാപ്പള്ളിയും പങ്കെടുത്തു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും ഉടൻ പട്ടിക പുറത്തു വരുമെന്നും മുരളീധർ റാവു വ്യക്തമാക്കി. എന്നാൽ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടിയാണ് തൃശൂർ സീറ്റ് ബി ജെ പി കൈവിടുന്നത്. തുഷാർ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

മത്സരിക്കുമോ എന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും. മത്സരിക്കുകയാണെങ്കിൽ എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് തുഷാർ വ്യക്തമാക്കി.

ജയിക്കുമോ തോൽക്കുമോ എന്നത് മത്സരിക്കുമോ എന്ന കാര്യം തീരുമാനിച്ച ശേഷമല്ലേ പറയാനാകൂ . ഈഴവ സമുദായത്തിന്‍റെ വോട്ട് മാത്രമല്ല ബിഡിജെഎസ്സിനുള്ളത്. ബിഡിജെഎസ്, എസ്എൻഡിപി യോഗത്തിന്‍റെ ബി ടീമല്ല. അതിൽ എല്ലാ സമുദായത്തിന്‍റെയും അംഗങ്ങളുണ്ടെന്നും തുഷാർ വ്യക്തമാക്കി.