ശോഭ സുരേന്ദ്രന് സീറ്റില്ല; കെ. സുരേന്ദ്രന്റെ കാര്യത്തില്‍ അനിശ്ചിതത്വം; പിടിവലി മൊത്തം പത്തനംതിട്ടയ്ക്ക്; ബി.ജെ.പിയില്‍ മൊത്തം ആശയക്കുഴപ്പം

ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണത്തില്‍ ബിജെപിയിലും ആശയക്കുഴപ്പം. ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകാതെ എന്‍ഡിഎ നേതൃത്വം കുഴയുന്നു. പത്തനംതിട്ടയ്ക്കായി പാര്‍ട്ടിയിലെ പ്രമുഖരെല്ലാം രംഗത്തു വന്നതാണ് കേന്ദ്ര നേതൃത്വത്തിന് തലവേദനയാകുന്നത്. പത്തനംതിട്ടയോ, തൃശൂരോ നല്‍കിയില്ലെങ്കില്‍ പിന്‍മാറുമെന്ന് ഇതിനിടയില്‍ കെ. സുരേന്ദ്രന്‍ മുന്നറിയിപ്പും നല്‍കി. എന്നാല്‍, തൃശൂരില്‍ ബിഡിജെഎസ് സീറ്റ് വിട്ടു നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതമറിയിച്ചതായും സൂചനയുണ്ട്.

പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള തന്നെയാകുമെന്നാണ് വിലയിരുത്തലുകള്‍. ഇങ്ങിനെയാണെങ്കില്‍ സുരേന്ദ്രന്‍ എവിടെ മത്സരിക്കുമെന്ന ആശങ്കയിലാണ് അണികള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും പത്തനംതിട്ട സീറ്റിനായി കണ്ണുവെച്ചിരുന്നു. എന്നാല്‍ രണ്ടു പേര്‍ക്കും സീറ്റ് നല്‍കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയ്ക്കായി രംഗത്തു വന്നിരുന്നു. എന്നാല്‍, അദ്ദേഹത്തെ എറണാകുളത്ത് നിര്‍ത്താനാണ് പദ്ധതി. പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് കഴിഞ്ഞ ദിവസം കണ്ണന്താനം പറഞ്ഞിരുന്നു. നാളെ ചേരുന്ന ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.