മാർ ആന്റണി കരിയിൽ എറണാകുളം – അങ്കമാലി അതിരൂപത ബിഷപ്പ്, മാർ എടയന്ത്രത്ത് മാണ്ഡ്യ ബിഷപ്പ്

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭരണചുമതലയിൽ നിന്ന് നീക്കി. പകരം  ആർച്ച് ബിഷപ്പായി മാർ ആന്റണി കരിയിലിനെ നിയമിച്ചു.  കൊച്ചിയിൽ നടന്ന സഭയുടെ സമ്പൂർണ സിനഡ് യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്. നേരത്തെ അധികാര സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്ന സഹായ മെത്രാന്മാർക്ക് പുതിയ ചുമതലകൾ നൽകാനും സിനഡ് തീരുമാനിച്ചു. മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതയുടെ ബിഷപ്പായി നിയമിച്ചു. മറ്റൊരു സഹായ മെത്രാനായ മാർ ജോസ് പുത്തൻവീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാനായും നിയമിച്ചു. നിലവില്‍  മാണ്ഡ്യ രൂപതയുടെ ബിഷപ്പായിരുന്നു, ആന്റണി കരിയിൽ.

കർദ്ദിനാൾ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണ ചുമതലകളിൽ നിന്നും മാറ്റുന്നതിനാണ് സിനഡ് തീരുമാനിച്ചിരിക്കുന്നത്. ആന്റണി കരിയിലിന് പുറമെ ജപ്പാനിലെ അപ്പോസ്തോലിക് നുൺഷ്യോ ആയ ആർച്ച് ബിഷപ്പ് മാർ ജോസഫ് ചേന്നോത്ത്‌, മുമ്പ് അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പായി പ്രവർത്തിച്ച മാർ ജേക്കബ് മനത്തോടത്ത് എന്നിവരുടെ പേരുകളും പരിഗണനയ്ക്ക് വന്നിരുന്നു.

ഫലത്തില്‍ ആലഞ്ചേരിക്ക് ഇനി ആത്മീയ അധികാരങ്ങൾ മാത്രമായി ചുരുങ്ങും. നേരത്തെ സഭയുടെ ഭൂമി ഇടപാടുകൾ വിവാദമായ സാഹചര്യത്തിൽ വത്തിക്കാൻ ഇടപെട്ട് മാർ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. മാർ ജേക്കബ് മനത്തോടത്തിനെയാണ് അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പായി നിയമിച്ചത്. പിന്നീട് ഏറെക്കുറെ നാടകീയമായി ആലഞ്ചേരി അധികാരത്തിലേക്ക് തിരിച്ചു വരികയായിരുന്നു. എന്നാൽ ഇതിനെതിരെ ഒരു വിഭാഗം വൈദികരും അൽമായരും ശക്തമായ പ്രതിഷേധം ഉയർത്തി. സഭാഭരണ ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

1950 മാർച്ച് 26-ന് ചേർത്തലയിൽ ജനിച്ച ആന്റണി കരിയിൽ സി എം ഐ സഭാംഗമാണ്. 1977-ലാണ് അദ്ദേഹം പുരോഹിതനാകുന്നത്. സി എം ഐ സഭയുടെ പ്രിയോർ ജനറലായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2015 ഒക്ടോബറിലാണ് അദ്ദേഹം ബിഷപ്പായി അഭിഷിക്തനാകുന്നത്.