വൈറലാകാൻ ബൈക്ക് റേസ്; മുന്നറിയിപ്പുമായി പൊലീസ്, മത്സരയോട്ടം കണ്ടാൽ 112 വിളിക്കുക

അമിതവേഗത്തിൽ വാഹനമോടിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലാവാനുള്ള മത്സരയോട്ടങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.

ഇത്തരത്തിൽ വൈറലാകാൻ ശ്രമിച്ച ബൈക്ക് റേസിൽ കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ നടന്ന ബൈക്ക് അപകടത്തിൽ മൂന്നു ജീവനുകളാണ് പൊലിഞ്ഞത്.

നിരത്തുകളിൽ ബൈക്ക് റേസിങ്‌, സ്റ്റണ്ടിങ്‌ എന്നിവ നടത്തി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റുചെയ്ത്‌ വൈറലാകാൻ ശ്രമിക്കുന്നതാണ് ചിലരുടെ ഇഷ്ടവിനോദം.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും പൊലീസും മോട്ടോർ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നുണ്ടെന്ന് പൊലീസ് ഔദ്യോ​ഗിക ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മത്സരയോട്ടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 ൽ വിളിച്ചറിയിക്കണമെന്നും കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

Read more

വൈറലാകാൻ ബൈക്ക് റേസ്
പൊലിഞ്ഞത് മൂന്ന് ജീവനുകൾ
നിരത്തുകളിൽ ബൈക്ക് റേസിങ്‌, സ്റ്റണ്ടിങ്‌ എന്നിവ നടത്തി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റുചെയ്ത്‌ വൈറലാകാൻ ശ്രമിക്കുന്നതാണ് ചിലരുടെ ഇഷ്ടവിനോദം. അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ വിഡിയോയും അഭ്യാസ പ്രകടനങ്ങളുമാണ് ഇത്തരത്തിലുള്ള സമൂഹമാധ്യമ ഹാൻഡിലുകളിൽ പ്രധാനമായുള്ളത്.‌ കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ നടന്ന ബൈക്ക് അപകടത്തിൽ മൂന്നു ജീവനുകൾ പൊലിയാൻ കാരണവും ഇത്തരത്തിൽ വൈറലാകാൻ ശ്രമിച്ച ബൈക്ക് റേസ് ആണ്. അമിതവേഗത്തിൽ പാഞ്ഞെത്തുന്ന ഇവർ മറ്റ് വാഹനങ്ങൾക്ക് മുൻപിലും യാത്രക്കാരുടെ മുൻപിലും അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് പലപ്പോഴും അപകടമുണ്ടാകുന്നത്. പൊലീസോ ഗതാഗതവകുപ്പോ പിടിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താൽ അതിനെയും അംഗീകാരമായി കണ്ടു സ്റ്റേറ്റസും പോസ്റ്റും ഇടുന്നതും പതിവാണ്. ഇത്തരത്തിലുള്ള പോസ്റ്റുകൾക്കു ‘റീച്ച്’ കിട്ടുന്നുവെന്നതാണ് പ്രത്യേകത.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും പൊലീസും മോട്ടോർ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നുണ്ട്. മത്‌സരയോട്ടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 ൽ വിളിച്ചറിയിക്കുക. #keralapolice