BIG BREAKING: ഇടുക്കി ജില്ലയില്‍ സര്‍ക്കാരിന്റെ തുഗ്ലക് പരിഷ്‌കാരം; 1500 സ്‌ക്വയര്‍ ഫീറ്റില്‍ അധികമുള്ള കെട്ടിടങ്ങള്‍ സര്‍ക്കാര്‍ കണ്ടു കെട്ടുന്നു

കെ. ഭരത്

ഇടുക്കി ജില്ലയിലെ വാണിജ്യ കെട്ടിടങ്ങള്‍ ഏറ്റെടുക്കാനായി സര്‍ക്കാര്‍ നീക്കം. 1964- ലെ ഭൂമി പതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയ 15 സെന്റ് വരെയുള്ള പാട്ടഭൂമിയില്‍ 1500 ചതുരശ്ര അടിയ്ക്ക് മുകളില്‍ തറ വിസ്തൃതിയുള്ള, വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളാണ് സര്‍ക്കാര്‍ കണ്ടുകെട്ടുക. ഏറ്റെടുക്കുന്ന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ തന്നെ പാട്ടത്തിന് നല്‍കും.

വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ കൈവശക്കാര്‍, അത് അവരുടെ ഏക ജീവനോപാധിയാണെന്നും അപേക്ഷകനോ അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവര്‍ക്കോ മറ്റൊരിടത്തും ഭൂമിയില്ലെന്നും തെളിയിച്ചാല്‍ മാത്രം പ്രത്യേകം പരിശോധിച്ച് ഒരോ കേസിലും റിപ്പോര്‍ട്ട് തയ്യാറാക്കി ഇടുക്കി ജില്ലാ കളക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിക്കണമെന്ന് 22-08-2019 ന് പുറത്തിറങ്ങിയ 269/2019/റവ ഉത്തരവില്‍ പറയുന്നു.

ഭാവിയിലെ വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനും ഉത്തരവില്‍ പറയുന്നുണ്ട്. ഏത് ആവശ്യത്തിനാണ് പട്ടയം അനുവദിച്ചതെന്നുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലെ ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കാവൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ഭേദഗതി വരുത്തണം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ കൃഷിയ്ക്കും വീടുവെയ്ക്കാനുമായി പതിച്ചു കിട്ടിയ ഭൂമിയില്‍ ഒരു കാരണവശാലും വാണിജ്യ നിര്‍മ്മാണം നടക്കില്ല.

സര്‍ക്കാരിന്റെ ഉത്തരവിന് മേല്‍ ഓണത്തിന് ശേഷം മാത്രമേ നടപടികള്‍ ഉണ്ടാകൂ എന്ന് ഇടുക്കി ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍ ഐ.എ.എസ് സൗത്ത്‌ലൈവിനോടു പറഞ്ഞു.

“നിലവില്‍ സര്‍ക്കാരിന്റെ ഉത്തരവാണ് ഇറങ്ങിയത്. വാണിജ്യ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്ന വലിയ കെട്ടിങ്ങളാണ് ഇതില്‍ ഉള്‍പ്പെടുക. ആശുപത്രികളും സ്‌കൂളുകളുമെല്ലാം വാണിജ്യ കെട്ടിടങ്ങളില്‍ ഉള്‍പ്പെടും. ഇതോടെ ഇവയെല്ലാം ഏറ്റെടുത്ത് ഉടമകള്‍ക്ക് തന്നെ പാട്ടത്തിന് വിട്ടു നല്‍കാമെന്നാണ് കരുതുന്നത്. വലിയ സ്‌ക്വാഡ് വര്‍ക്ക് ആവശ്യമുള്ള ജോലിയാണിത്. ഓണത്തിന് ശേഷം വിപുലമായ യോഗം ചേര്‍ന്നതിന് ശേഷം മാത്രമേ നടപടികളെ കുറിച്ച് പറയാന്‍ കഴിയൂ”- ജില്ലാ കളക്ടര്‍ പറഞ്ഞു.

ഇതുവരെ ഉപയോഗിച്ചിരുന്ന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോവുന്നതോടെ ഇടുക്കിയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സര്‍ക്കാരിന്റെ തീരുമാനം കാടത്തമാണെന്നും ഇതുവരെ ഉണ്ടായിരുന്ന നിര്‍മ്മാണങ്ങള്‍ ക്രമവതകരിക്കണമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി വക്താവ് ഫാദര്‍ സെബാസ്റ്റിന്‍ കൊച്ചുപുരയ്ക്കല്‍ സൗത്ത്‌ലൈവിനോടു പറഞ്ഞു.

“സര്‍ക്കാരിന്റെ പുതിയ ഉത്തരവ് നടപ്പിലാക്കുന്നതോടെ വലിയ പ്രത്യാഘാതങ്ങളാണ് ഇടുക്കിയില്‍ ഉണ്ടാവാന്‍ പോവുന്നത്. സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള എല്ലാ പട്ടയങ്ങളും കൃഷിയ്ക്കും വീടു നിര്‍മ്മാണത്തിനും വേണ്ടി മാത്രമാണ്. ഉത്തരവ് നടപ്പിലാക്കുന്നതോടെ ജില്ലയില്‍ ആര്‍ക്കും സ്വന്തമായി വാണിജ്യസ്ഥാപനങ്ങള്‍ ഇല്ലാതാവും. കൃഷി പൂര്‍ണമായും നശിച്ചതോടെയാണ് കര്‍ഷകര്‍ വാണിജ്യമേഖലയിലേക്ക് കടന്നത്. അവിടെയും സര്‍ക്കാര്‍ ഇടപെടുന്നതോടെ എല്ലാവരും പ്രതിസന്ധിയിലാവും. ജനങ്ങള്‍ ഉത്തരവിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി വരുന്നേ ഉള്ളൂ. ജനങ്ങളുടെ ഇടയില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനായി ആശയ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സമര പരിപാടികളെ കുറിച്ച് ആലോചനയിലാണ്” ഫാദര്‍ സെബാസ്റ്റിന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ വലിയ നിയമക്കുരുക്കിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോവുമെന്നും ഡീന്‍ കുര്യാക്കോസ് എം.പി സൗത്ത് ലൈവിനോട് പറഞ്ഞു. ഉത്തരവ് നിലവില്‍ വന്നാല്‍ വാണിജ്യ കെട്ടിടങ്ങള്‍ എല്ലാം കണ്ടു കെട്ടേണ്ടി വരും. ഇത് വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നീക്കും. ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സമര പരിപാടികളെ കുറിച്ച് പാര്‍ട്ടി ആലോചിക്കുകയാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഹൈറേഞ്ച് സംരക്ഷണ സമതിയുടെ പിന്തുണയോടെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നേരിട്ട ഇടതുപക്ഷ സര്‍ക്കാരാണ് ഈ ഉത്തരവിറക്കിയെന്നത് ഏറെ വിരോധാഭാസമാണെന്നും ഡീന്‍ പറഞ്ഞു.

ഉത്തരവിന്റെ പകര്‍പ്പ്: