ഭാരത് ജോഡോ യാത്ര ഇന്ന് കേരളം വിടും, ഇനി കര്‍ണാടക

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം ഇന്ന് അവസാനിക്കും. 19 ദിവസത്തെ കേരളത്തിലെ യാത്രയ്ക്ക് ശേഷം കര്‍ണാടകയിലേക്കാണ് യാത്ര പ്രവേശിക്കുക. സെപ്റ്റംബര്‍ 30ന് ഗുണ്ടല്‍പേട്ടയില്‍ നിന്ന് 21 ദിവസത്തെ കര്‍ണാടക പര്യടനം ആരംഭിക്കും.

മലപ്പുറം ജില്ലയിലാണ് നിലവില്‍ പദയാത്ര പര്യടനം തുടരുന്നത്. ഇന്ന് രാവിലെ നിലമ്പൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചയോടെ വഴിക്കടവില്‍ സമാപിക്കും. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ദിവസേന ശരാശരി 22 കിലോമീറ്ററുകളാണ് രാഹുലും സംഘവും നടക്കുന്നത്.

കേരളം നല്‍കിയ അതിരുകളില്ലാത്ത സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി ഇന്നലെ പ്രസംഗം ആരംഭിച്ചത്. രണ്ടാം ഭവനമായ കേരളത്തിന്റെ മണ്ണിലൂടെ സഞ്ചരിക്കാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷവാനാണ്. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അതിരുകളില്ലാത്ത സ്നേഹത്തിന് പകരം നല്‍കാന്‍ കഴിയാത്ത വിധം താന്‍ കടപ്പെട്ടിരിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

Read more

ജനങ്ങളുടെ ഐക്യത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെയും മോദി സര്‍ക്കാരിന്റെയും ശ്രമം. ഇതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും ഇതാണ് യാത്രയുടെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.