ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ ചുള്ളിക്കാട് നിര്യാതനായി

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ ചുള്ളിക്കാട്(54) നിര്യാതനായി. കാന്‍സര്‍ രോഗബാധിതനായ ജയചന്ദ്രന്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. റോഡില്‍ അവശനിലയില്‍ കണ്ടത്തിയ ജയചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചുള്ളിക്കാടിന്റെ സഹോദരന്‍ ദിവസങ്ങളായി തെരുവോരത്ത് കഴിഞ്ഞിരുന്നത് നേരത്തേ വാര്‍ത്തയായിരുന്നു. ഭക്ഷണം ലഭിക്കാതെ അവശനിലയില്‍ പറവൂരില്‍ റോഡരികില്‍ കിടന്നിരുന്ന ജയചന്ദ്രനെ പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പറവൂര്‍ നഗരസഭ അധ്യക്ഷന്‍ രമേഷ് കുറുപ്പിന്റെ ആവശ്യപ്രകാരം ജീവകാരുണ്യ പ്രവര്‍ത്തകരായ സന്ദീപ് പോത്താനി, സല്‍മ സജിന്‍ എന്നിവര്‍ പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തില്‍ എത്തിച്ചു. പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സഹോദരനെ കാണാന്‍ ഒടുവില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തിയിരുന്നു. പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിലും താലൂക്ക് ആശുപത്രിയിലും എത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാട് സഹോദരനു സഹായവും നല്‍കിയിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ്  വീടു വിട്ടിറങ്ങിയ അവിവാഹിതനായ ജയചന്ദ്രന്‍ പറവൂരില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഏറെക്കാലത്തിനു ശേഷമാണ് ഇവര്‍ വീണ്ടും കാണുന്നത്.