ഭാഗ്യലക്ഷ്മി സിപിഐയില്‍ ചേരുന്നു; സ്വാഗതം ചെയ്ത് കാനം രാജേന്ദ്രന്‍

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി സിപിഐയില്‍ ചേരുന്നു. പാര്‍ട്ടി ആസ്ഥാനമായ എം.എന്‍. സ്മാരകത്തിലെത്തിയ ഭാഗ്യലക്ഷ്മി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. ഭാഗ്യലക്ഷ്മി പാര്‍ട്ടിയേല്ക്ക് വരുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

ഇടതുപക്ഷ മനസ്സുള്ള തനിക്ക് ഏറ്റവും യോജിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റിയത് സിപിഐ ആണെന്ന ബോധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നാണ് ഭാഗ്യലക്ഷ്മിയുടെ വിശദീകരണം. സിപിഐയിലാണ് ചേരുന്നതെങ്കിലും എല്‍ഡിഎഫിലെ മുഖ്യകക്ഷിയായ സിപിഐഎമ്മിനോട് തനിക്ക് യാതൊരു പിണക്കവുമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ കുറേക്കാലങ്ങളായി ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ വെച്ചുപുലര്‍ത്തി പോന്നിരുന്ന ഭാഗ്യലക്ഷ്മി പാര്‍ട്ടികളുമായൊന്നും സഹകരിച്ചിരുന്നില്ല. കോണ്‍ഗ്രസ്, ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ പലപ്പോഴായി ഭാഗ്യലക്ഷ്മിയോട് പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ് വിവരം. എന്നാല്‍, ഇവര്‍ക്ക് പിടികൊടുക്കാതെ തനിക്ക് മനസ്സുകൊണ്ട് യോജിക്കാന്‍ കഴിയുന്ന ഇടതുപക്ഷത്തിനൊപ്പം ചേരുകയായിരുന്നു അവര്‍.