പീഡന പരാതി; ബിനോയ് കോടിയേരിക്കെതിരെ സി.പി.എം നേതൃത്വത്തിന് യുവതി പരാതി നല്‍കിയിരുന്നു, യുവതിയില്‍ തനിക്ക് കുട്ടിയില്ലെന്ന് ബിനോയ് കേരള പൊലീസിന് നല്‍കിയ പരാതിയില്‍

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പീഡനാരോപണം ഉന്നയിച്ച യുവതി. പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണു കത്തു മുഖേന പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.

സി.പി.എം കേന്ദ്ര നേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും തത്കാലം ഇടപെടേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്. രണ്ടുമാസം മുമ്പാണ് പരാതി നല്‍കിയത്. നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

അതേസമയം , മുംബൈ പൊലീസ് അന്വേഷണം ശക്തമാക്കി. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളുടെയും നിജസ്ഥിതി അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതിയുടെ കൈയിലുള്ള ഡിജിറ്റല്‍ തെളിവുകളും സ്വീകരിക്കും.യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും.വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഉണ്ടെന്ന് യുവതിയുടെ പരാതിയിലുള്ളതിനാല്‍ അതും പരിശോധിക്കും. അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പൊലീസ് അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഉടന്‍ നോട്ടീസ് നല്‍കിയേക്കും.

എന്നാല്‍ സമന്‍സ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകനുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കാനാണ് ബിനോയ് കോടിയേരിയുടെ നീക്കം. ചോദ്യം ചെയ്യലുള്‍പ്പെടെയുള്ള കാര്യങ്ങളെ പ്രതിരോധിക്കാനെന്ത് എന്നതാണ് ആലോചന.

എന്നാല്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരില്‍ തനിക്ക് മകനില്ലെന്നും ഏപ്രില്‍ 12ന് ബിനോയ് കോടിയേരി നല്‍കിയ പരാതിയില്‍ പറയുന്നു. പണം ആവശ്യപ്പെട്ട് യുവതി ഭീഷണിപ്പെടുത്തിയെന്നുമാണ് ബിനോയിയുടെ പരാതി. എന്നാല്‍ യുവതിയെ അറിയാമെന്നുള്ള കാര്യം ബിനോയ് സമ്മതിച്ചിട്ടുണ്ട്.

ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബര്‍ 18- ന് വിവാഹം കഴിച്ചതായുള്ള യുവതിയുടെ ആരോപണം തെറ്റാണെന്നാണ് ബിനോയി പൊലീസിനെ അറിയിച്ചിരിക്കുന്നത്. ലിവിങ് ടുഗെദര്‍ ആണെന്ന് സ്ഥാപിച്ച് 2015 ജനുവരി 27- ന് തയ്യാറാക്കിയ സംയുക്ത സത്യവാങ്മൂലം വ്യാജമാണെന്നും ബിനോയി നല്‍കിയ പരാതിയില്‍ പറയുന്നു. സത്യവാങ് മൂലത്തില്‍ ഒപ്പിട്ടുവെന്നു പറയുന്ന ജനുവരി 27- ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നു ദുബായിലേക്കു ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു താനെന്നും ബിനോയ് വ്യക്തമാക്കുന്നു.

പാസ്‌പോര്‍ട്ട് അധികൃതരോടും വ്യാജ അവകാശവാദമാണു യുവതി നടത്തിയത്. എന്റെ ഭാര്യയാണെന്നു സ്ഥാപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തിനായി വ്യാജ പ്രസ്താവന നല്‍കി. ഇങ്ങനെ തെറ്റായ വിവരങ്ങളും രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണു യുവതി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും”- പരാതിയില്‍ ബിനോയ് വിശദീകരിച്ചു.