‘രണ്ടില’ വീണതിന് പിന്നാലെ കേരള കോണ്‍ഗ്രസെന്ന വന്മരവും  കടപുഴകുമോ?

കെ. സുനില്‍ കുമാര്‍

ജോസ് കെ മാണിയുടെ നോമിനിയായ ജോസ് ടോം പുലിക്കുന്നേലിന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടിവന്ന സാഹചര്യം തിരഞ്ഞെടുപ്പിലെ ജയ പരാജയങ്ങള്‍ക്കപ്പുറം കേരള കോഗ്രസിന്റെ ഭാവിയെ കുറിച്ച് വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. മണ്ഡലം രൂപീകരിച്ചത് മുതല്‍ അരനൂറ്റാണ്ട് കാലം കേരള കോണ്‍ഗ്രസിന്റെ കെ. എം മാണി മാത്രം വിജയിച്ച പാലായില്‍ ആദ്യമായി അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പരാജയ സാദ്ധ്യത തുറിച്ചു നോക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ വത്തിക്കാന്‍ ആയിരുന്നു പാലാ.

കഴിഞ്ഞ് 32 വര്‍ഷമായി മാണി മത്സരിച്ചിരുന്ന രണ്ടില ചിഹ്നം നഷ്ടമായത് കേരള കോണ്‍ഗ്രസ് എന്ന വന്മരത്തിന്റെ അടിവേരുകളെ ഉലച്ചിരിക്കുകയാണ്. “പാലായിലെ ജനങ്ങള്‍ക്കും മാണി സാറിനും രണ്ടിലയുമായി അത്രയേറെ ബന്ധമുണ്ടെ”ന്നാണ് ജോസ് തന്നെ പറയുന്നത്. രണ്ടില ചിഹ്നത്തോടും കെ. എം മാണിയോടും പാലാക്കാര്‍ക്കുണ്ടെന്ന് പറയുന്ന അടുപ്പം തന്നെയാകും ഇത്തവണ അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്ക് വെല്ലുവിളിയാകാന്‍ പോകുന്നത്.
കെ.  എം മാണിയുടെ മകനും ഇപ്പോള്‍ പാര്‍ട്ടി ചെയര്‍മാനുമായ ജോസ് കെ മാണിയും വര്‍ക്കിംഗ് ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ പി.  ജെ ജോസഫും തമ്മിലുള്ള അധികാര തര്‍ക്കമാണ് കേരള കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അപകടത്തിലാക്കിയ പ്രതിസന്ധിയിലെത്തിച്ചത്. “വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി” എന്ന് കെ.  എം മാണി തന്നെ വിശേഷിപ്പിച്ചിട്ടുള്ള കേരള കോണ്‍ഗ്രസില്‍ ഭിന്നതയും പിളര്‍പ്പും പുതിയ കാര്യമല്ല. എന്നാല്‍ നേതാവിന്റെ മരണത്തെ തുടര്‍ന്ന് സ്വാഭാവിക വിജയം സാദ്ധ്യമായിരുന്ന ഒരു തിരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടി വരുന്നത് അസാധാരണ സാഹചര്യമാണ്. ജോസ് കെ മാണിയും പി.  ജെ ജോസഫും രണ്ട് പാര്‍ട്ടികളായി പിളര്‍ന്നിട്ടില്ലെങ്കിലും അതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായി വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി ലഭിച്ച അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി പല തവണ കെ എം മാണിയോട് പരാജയപ്പെട്ട മാണി സി കാപ്പനിലൂടെ മണ്ഡലം പിടിച്ചെടുക്കാനായിരിക്കും എല്‍ഡിഎഫിന്റെ ഇനിയുള്ള നീക്കം. യുഡിഎഫിന്റെ കുത്തക മണ്ഡലത്തില്‍ നേടാന്‍ കഴിയുന്ന വിജയം തുടര്‍ന്ന് നടക്കാന്‍ പോകുന്ന അഞ്ച് ഉപ തിരഞ്ഞെടുപ്പുകളിലും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും മാത്രമല്ല, 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സ്വാധീനമുണ്ടാക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
യുഡിഎഫിനാകട്ടെ തീര്‍ത്തും അപ്രതീക്ഷിതമായ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുത്. പാലായിലെ സുനിശ്ചിത വിജയത്തിലൂടെ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ നിയമസഭ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കാന്‍ കഴിയുമെന്ന അവരുടെ കണക്കൂകൂട്ടലാണ് ഒറ്റയടിക്ക് തകിടം മറിഞ്ഞിരിക്കുന്നത്. കെ.  എം മാണിയുടെ മരണത്തിന് മുമ്പ് തന്നെ ജോസ് കെ മാണിയും പി.  ജെ ജോസഫും തമ്മിലുണ്ടായ പിന്തുടര്‍ച്ച അധികാരത്തര്‍ക്കമാണ് കേരള കോണ്‍ഗ്രസിന്റെ നിലവിലെ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചത്.  മാണിയുടെ മരണാനന്തരം കോട്ടയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി മാറ്റത്തിലെത്തിച്ച തര്‍ക്കം പിളര്‍പ്പിന്റെ വക്കിലെത്തിച്ചു. കോട്ടയത്തും പി.  ജെ ജോസഫിന്റെ എതിര്‍പ്പ് മൂലമാണ് നിഷക്ക് മത്സര രംഗത്ത് നിന്ന് പിന്മാറേണ്ടിവന്നത്. പിളര്‍പ്പ് ഒഴിവാക്കാന്‍ തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കുകയായിരുന്നു. പിളര്‍പ്പ് തത്കാലം ഒഴിവായെങ്കിലും ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചില്ല. രണ്ട് വിഭാഗങ്ങളായി തന്നെയാണ് പ്രവര്‍ത്തനം തുടര്‍ന്നത്. അതിനിടയിലാണ് പാലായില്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഒഴിവ് വന്ന ആറ് മണ്ഡലങ്ങള്‍ക്ക് പകരം പാലായില്‍ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള രാഷ്ട്രീയം പാലായിലേക്ക് മാറി.
മാണിയുടെ മരണത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള സഹതാപ വോട്ടുകള്‍ നേടി പാലായില്‍ വിജയിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഭാര്യ നിഷയെ മത്സരിപ്പിക്കാന്‍ ജോസ് കെ മാണി നീക്കം നടത്തിയത്. എന്നാല്‍ കോട്ടയത്തിന്റെ ആവര്‍ത്തനം തന്നെയായിരുന്നു പാലായിലും ഉണ്ടായത്. പി. ജെ ജോസഫിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിഷക്ക് വീണ്ടും പിന്‍വാങ്ങേണ്ടിവന്നു. പകരം തന്റെ അടുത്ത അനുയായിയായ ജോസ് ടോമിനെ മത്സരിപ്പിക്കാന്‍ ജോസ് കെ മാണി തീരുമാനിച്ചു. എന്നാല്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില നല്‍കുന്നതിന് ജോസഫ് തടസം സൃഷ്ടിച്ചുവെന്ന് മാത്രമല്ല, സ്വന്തം ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കാര്യങ്ങള്‍ വഷളാക്കുകയും ചെയ്തു. ഇതോടെ ജോസ് ടോം യുഡിഎഫിന്റെ സ്വതന്ത്രനായി മത്സരിക്കേണ്ട ഗതികേടിലെത്തി.
മാണിയുടെ അഭാവത്തില്‍ കേരള കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്ന ഭിന്നിപ്പും പാര്‍ട്ടി ചിഹ്നം നഷ്ടപ്പെട്ടതുമെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. പാലായില്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ കെ എം മാണിയോട് കേവലം 4700 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍.  ഹരി 24,821 വോട്ടുകള്‍ നേടിയിരുന്നു. കേരള കോണ്‍ഗ്രസിലെ ഭിന്നത അനുകൂല സാഹചര്യം സൃഷ്ടിച്ചിരിക്കെ വിജയിക്കാന്‍ കഴിയുമോ എന്നതാണ് എല്‍ഡിഎഫിന് മുന്നിലെ സാദ്ധ്യത.
പാലായില്‍ കേരള കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ഒരു പക്ഷെ അത് ആ പാര്‍ട്ടിയുടെ അന്ത്യത്തിലേക്കായിരിക്കും നയിക്കുക. കെ. എം മാണി തന്നെ പാര്‍ട്ടിയുടെ മുന്നോട്ടുപോക്ക് പ്രതിസന്ധിയില്‍ പെട്ടപ്പോഴാണ് കേരള കോണ്‍ഗ്രസുകളുടെ പുനരേകീകരണം എന്ന മുദ്രാവാക്യമുയര്‍ത്തി പി ജെ ജോസഫുമായുള്ള ലയനത്തിലൂടെ തിരിച്ചുവന്നത്. അതിന് ശേഷവും രണ്ട് ഗ്രൂപ്പുകളിലും പല തരത്തിലുള്ള പിളര്‍പ്പുകളുണ്ടായി. പാലായില്‍ തോല്‍ക്കുകയും പാര്‍ട്ടി നെടുകെ പിളരുകയും ചെയ്താല്‍ അതിജീവനം എളുപ്പമാകില്ല. കെ. എം മാണിയെ പോലെ രാഷ്ട്രീയത്തിലും മുന്നണികളിലും സഭയിലും വലിയ സ്വാധീനമുള്ള ഒരാളല്ല ജോസ് കെ മാണിയെന്നതും മുന്നോട്ടുപോക്കിന് തടസ്സമുണ്ടാക്കും. തോല്‍വിയോടെ പി. ജെ ജോസഫ് തത്കാലത്തേക്ക് ശക്തിപ്പെടുക കൂടി ചെയ്താല്‍ ജോസ് കെ മാണിയും സംഘവും കൂടുതല്‍ ദുര്‍ബ്ബലപ്പെടും. ഇത് മാണി ഗ്രൂപ്പിന്റെ ഏക അനന്തരാവകാശിയാകുക എന്ന ജോസിന്റെ പ്രതീക്ഷകള്‍ക്ക് വലിയ ആഘാതമുണ്ടാക്കും. പാര്‍ട്ടി പിളര്‍ന്നാല്‍ ഏതെങ്കിലും ഒരു കഷണം ഇടതുപക്ഷ മുന്നണിയിലേക്ക് പോകാനും സാദ്ധ്യതയുണ്ട്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായിരുന്ന കെ എം ജോര്‍ജിന്റെ മകന്‍ പി സി തോമസും മറ്റൊരു നേതാവായിരുന്ന പി. സി ജോര്‍ജും നയിക്കുന്ന ഗ്രൂപ്പുകള്‍ നിലവില്‍ ബിജെപി മുന്നണിയുടെ ഭാഗമാണ്. ഇത്തരത്തില്‍ ദുര്‍ബ്ബലമായ ഗ്രൂപ്പുകള്‍ പല മുന്നണികളിലായി ചിതറുന്നതോടെ കേരള രാഷ്ട്രീയത്തിലെ പ്രബല ശക്തിയെന്ന സ്ഥാനം കേരള കോണ്‍ഗ്രസിന് നഷ്ടമാകും. ഇപ്പോള്‍ തന്നെ കര്‍ഷകരുടെ പാര്‍ട്ടിയെന്ന അവകാശവാദം കാര്യമായി ചെലവാകാത്ത സ്ഥിതിയുണ്ട്. സഭയുടെ പിന്തുണയും പഴയതു പോലെ നിലനില്‍ക്കുന്നുണ്ടോ എന്നുറപ്പില്ല. പാലായില്‍ തോറ്റാല്‍ പാര്‍ട്ടി അണികളും നേതാക്കളും ഒരു വിഭാഗമെങ്കിലും കോണ്‍ഗ്രസിലേക്കോ സിപിഎമ്മിലേക്കോ മറ്റ് പാര്‍ട്ടികളിലേക്കോ ചേക്കേറാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അതോടെ പാര്‍ട്ടിയുടെ വിലപേശല്‍ ശേഷിയും നഷ്ടമാകും. അങ്ങനെ പരസ്പരം പോരടിക്കുന്ന ചെറു ഗ്രൂപ്പുകളായി കുറച്ചുകാലം കൂടി അവശേഷിക്കുന്ന സ്ഥിതിയിലേക്ക് എത്തിയേക്കാം. പാലായില്‍ ജോസ് ടോമിന്റെ തോല്‍വി ഇത്തരത്തില്‍ കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്കാണ് സാധ്യത തുറന്നിടുന്നത്.

മറിച്ച് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അദ്ദേഹത്തെ ജയിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞാല്‍ ജോസ് കെ മാണി കെ എം മാണിയെപ്പോലെ തലയെടുപ്പുള്ള നേതാവായി മാറും. യുഡിഎഫിന്റെ വലിയ മുന്നേറ്റങ്ങള്‍ക്കും അത് കാരണമാകും.