ബാര്‍കോഴക്കേസില്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക് കല്‍പിച്ച് ഹൈക്കോടതി; 'റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തരുത്'

ബാര്‍കോഴക്കേസില്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക് കല്‍പിച്ച് ഹൈക്കോടതി. കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് കുറ്റപത്രത്തിന്റെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തെരുതെന്ന്.

കെ.എം.മാണിയ്‌ക്കെതിരായ ബാര്‍ കോഴ കേസ് വിജിലന്‍സ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കോഴ വാങ്ങിയതിനും കൊടുത്തതിനും തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ബാറുടമകളുടെ സിഡിയില്‍ കൃത്രിമം നടന്നതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഈ സാഹചര്യത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നാണ് വിജിലന്‍സ് നിലപാട്. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നാല്‍പ്പത്തിയഞ്ച് ദിവസംകൂടി അനുവദിച്ചിട്ടുണ്ട്. കേസ് വൈകുന്നതില്‍ കോടതിയില്‍ നിന്നു നിരന്തരം വിമര്‍ശനമേറ്റതിനെ തുടര്‍ന്നാണ് ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ കോടതിയെ അറിയിച്ചത്. ഈ കേസ് ഇന്നു പരിഗണിക്കുന്നതിനിടെയാണ് മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക് കല്‍പിച്ചത്.