ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും, ജാഗ്രതാ നിര്‍ദ്ദേശം

കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും. രാവിലെ 8 മണിക്ക് ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറക്കാന്‍ തീരുമാനിച്ചെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി.

അതേസമയം നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാം ചൊവ്വാഴ്ച തുറക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഇന്ന് രാത്രി 11 മണിയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ആദ്യം 50 ക്യുമെക്സ് ജലവും തുടര്‍ന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക.

അതേസമയം ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് ഉയര്‍ത്തും. നേരത്തെ ഒരു ഷട്ടര്‍ തുറന്നിരുന്നു. വൈകിട്ട് നാലരയോടെ ഈ ഷട്ടര്‍ 45 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തും. 100 ഘനയടി വെള്ളം ഒഴുക്കി വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ 50 ഘനയടിയാണ് പുറത്തേക്കൊഴുക്കുന്നത്.