ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനെ ഒഴിവാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്

കോഴിക്കോട് ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണക്കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഒഴിവാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ 11-ാം പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫിനെയാണ് ഒഴിവാക്കിയിരിക്കുന്നത്. 12-ാം പ്രതിയായ ഇടത് അനുഭാവി ഷാലിദിനെയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണു രാജിനാണ് മര്‍ദ്ദനമേറ്റത്. കൊടിയും തോരണങ്ങളും നശിപ്പിച്ചു എന്ന് സമ്മതിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. എസ്.ഡി.പി.ഐ, ലീഗ് പ്രവര്‍ത്തകരായ പ്രതികളാണ് ജിഷ്ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയ രണ്ടുപേര്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്നും പൊലീസ് പറയുന്നു.

എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്ന പേരിലാണ് ജിഷ്ണുരാജിനെ ആക്രമിച്ചത്. സംഭവത്തില്‍ 29 പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. രാഷ്ടീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചുവെന്നും വ്യക്തമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വരികയും തുടര്‍ന്ന് വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുക്കുകയും ചെയ്തിരുന്നു.

പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിര്‍ത്തിയാണ് ആക്രമിച്ചത്. രണ്ടു മണിക്കൂറോളം നേരം ആക്രമിച്ചു. ശേഷം ജിഷ്ണുവിനെ പൊലീസിന് കൈമാറുകയായിരുന്നു. മുഖത്തും കണ്ണിനും ഗുരുതര പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.