ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണക്കേസ്; ജിഷ്ണുവിന് എതിരെ പരാതി നല്‍കിയത് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍

കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. മുപ്പതംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ ജിഷ്ണു രാജിന് എതിരെ പരാതി നല്‍കിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസ് ആണെന്നാണ് വിവരം. നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിന് എതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം നജാഫ് ഫാരിസ് പൊലീസ് കസ്റ്റഡിയിലാണ്.

ജിഷ്ണുവിന് എതിരെ പരാതിയെടുത്തതിന് പിന്നാലെയാണ് ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച പരാതി വന്നിരിക്കുന്നത്. അതേസമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കേസില്‍ നിന്ന് ഒഴിവാക്കാനായുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. നജാഫ് ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകന്‍ അല്ലെന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് പറയുന്നത്. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കുമെന്നും ആള്‍ക്കൂട്ട ആക്രമണമല്ല നടന്നത്, ബോധപൂര്‍വം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു ബാലുശ്ശേരിയിലേതെന്നും വസീഫ് പറഞ്ഞു.

അതേസമയം ആള്‍ക്കൂട്ട ആക്രമണക്കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. സംഭവത്തില്‍ 29 പേര്‍ക്കെതിരെയാണ് ബാലുശേരി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്ഐആറില്‍ പറയുന്നു. കസ്റ്റഡിയിലുള്ളവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കസ്റ്റഡിയിലെടുത്തവരുടെഅറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇവരുടെ ഉളളവരുടെ രാഷ്ട്രീയ ബന്ധം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചത്. പുലര്‍ച്ചെ 12 മണി മുതല്‍ മൂന്നര വരെ സംഘം തന്നെ മര്‍ദ്ദിച്ചെന്നാണ് ജിഷ്ണു പറഞ്ഞത്. എസ് ഡി പി ഐ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിനു ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.