കുട്ടികൾ ലൈം​ഗിക ചൂഷണത്തിന് ഇരയാകുന്നു; ക്ലബ് ഹൗസിനെതിരെ ബാലാവകാശ കമ്മീഷൻ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ക്ലബ് ഹൗസ് ചർച്ചകളിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ബാലാവകശാ കമ്മീഷൻ.

ക്ലബ് ഹൗസിൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് നടപടി. ഇതുസംബന്ധിച്ച് ഐ.ടി സെക്രട്ടറി, ഡി.ജി.പി ഉൾപ്പെടെ എട്ടുപേർക്ക് ബാലാവകാശ കമ്മീഷൻ നോട്ടീസയച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിർന്നവർ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇക്കാര്യം വിശദമായി പരിശോധിച്ചതെന്ന് കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ റദ്ദാക്കിയെന്നും സർക്കാർ ഉറപ്പു വരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.

ക്ലബ് ഹൗസിലെ ചതിക്കുഴികൾ തിരിച്ചറിയണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കുവേണ്ടി വലവിരിച്ച് കാത്തിരിക്കുന്ന വലിയൊരു തട്ടിപ്പുസംഘം തന്നെയുണ്ടെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ക്ലബ് ഹൗസ് സ്വന്തം ഹൗസ് അല്ല, കൈവിട്ടുപോകാതെ സൂക്ഷിക്കണം എന്ന തലക്കെട്ടിൽ കേരള പൊലീസ് ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ പബ്ലിഷ് ചെയ്ത പോസ്റ്റിലൂടെ വ്യക്തമാക്കി.