കേരളം എടുക്കുന്ന വായ്പ അപകടാവസ്ഥയിലേക്ക് പോകില്ല; കേന്ദ്രം പറഞ്ഞിരിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യം; വിമര്‍ശനവുമായി ധനമന്ത്രി

സംസ്ഥാനത്തിന് വായ്പാപരിധി നിശ്ചയിച്ച് അനുമതി നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നയത്ര വായ്പ സംസ്ഥാനം എടുക്കുന്നില്ല കേരളം എടുത്ത വായ്പ അപകടകരമായ അവസ്ഥയിലേക്ക് പോകില്ല. സംസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാനാവാത്ത കാര്യമാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. ധനകാര്യ ഉത്തരവാദിത്തം പാലിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് നിലവിലേതുപോലെ വായ്പയെടുക്കാനാവില്ല. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ ചെയ്യാവൂ എന്നും ബാലഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സാമ്പത്തികപ്രതിസന്ധി രൂക്ഷമെങ്കിലും ഈ സാമ്പത്തികവര്‍ഷം ഇതുവരെ സംസ്ഥാനത്തിന് കടമെടുക്കാനായിട്ടില്ല. കടപ്പത്രങ്ങളുടെ ലേലം വഴി ഈ മാസം 2000 കോടി കടമെടുക്കാനായിരുന്നു ധനവകുപ്പിന്റെ ആലോചന. സാമ്പത്തികവര്‍ഷാരംഭത്തിലെ കടമെടുപ്പിന് കേന്ദ്ര സാമ്പത്തികകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. അനുമതി തേടിയപ്പോഴാണ് കേന്ദ്രം സംസ്ഥാനസര്‍ക്കാരിനോട് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടത്. പൊതുമേഖലാസ്ഥാപനങ്ങളെടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പാപരിധിയുടെ ഭാഗമാണെന്നും കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയം നിലപാടെടുത്തു.

കിഫ്ബി എടുക്കുന്ന വായ്പയടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പയും സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കണമെന്നായിരുന്നു കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന്റെ നിലപാട്. കിഫ്ബി എടുക്കുന്ന വായ്പയടക്കം സംസ്ഥാനത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്താനാവില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‌റിന്റെ വാദം. കേന്ദ്രം വായ്പയെടുക്കാന്‍ അനുമതി നല്‍കാത്തതു മൂലം ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങുന്ന ഗുരുതരാവസ്ഥയിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തുന്നത്.