ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ടു, സ്വര്‍ണ കള്ളക്കടത്ത് ആരോപണങ്ങളും അന്വേഷിക്കുമെന്ന് വിവരം

വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും കാറപകടത്തില്‍ മരിച്ച കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി. ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വര്‍ണക്കടത്ത് ആരോപണങ്ങളും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിവരം.

അന്വേഷണം സിബിഐക്കു വിടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടിലായിരുന്നു പൊലീസ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിജിപി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം വിളിച്ചു. അപകടത്തില്‍ ദുരൂഹതയില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഉണ്ണി പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചെന്ന് ഉദ്യോഗസ്ഥര്‍ ഡിജിപിയെ ധരിപ്പിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തുടര്‍ന്നാണ് ഏറെ ചര്‍ച്ചയായ കേസായതിനാല്‍ സിബിഐ അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടില്‍ ഡിജിപി എത്തിയത്.

ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചതു ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമാണെന്നാണ് നിഗമനം. അപകടസമയത്തു കാറോടിച്ചത് ആരെന്ന മൊഴികളിലെ ആശയക്കുഴപ്പമാണു ദുരൂഹതയ്ക്ക് ഇടയാക്കിയത്. അര്‍ജുന്‍ വാഹനമോടിച്ചു എന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി.