ബാലഭാസ്‌ക്കറിന്റെ മരണം; കലാഭവന്‍ സോബി നല്‍കിയ മൊഴി കള്ളെമെന്ന് ക്രൈംബ്രാഞ്ച്

ബാലഭാസ്‌ക്കറിന്റെ മരണത്തെക്കുറിച്ച് കലാഭവന്‍ സോബി നല്‍കിയ മൊഴി കള്ളമാണെന്ന് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.കലാഭവന്‍ സോബി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത്.
സോബി അപകട സമയത്ത് കണ്ടെന്ന് പറയുന്ന ജിഷ്ണുവും വിഷ്ണുവും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും ഇതിന് തെളിവായി ഫോണ്‍ ലൊക്കേഷനുകളും പാസ്പോര്‍ട്ട് രേഖകളും ഉണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ബാലഭാസ്‌ക്കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ കാരണം അശ്രദ്ധയും അമിത വേഗതയുമാണെന്നും ക്രൈബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവം നടന്നപ്പോള്‍ ആരാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുക മാത്രമാണ് അന്വേഷണത്തില്‍ കണ്ടെത്താനുള്ളതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ന്യുസ് 18 കേരള പുറത്തുവിട്ടു.

അസ്വാഭാവികമായ ഒന്നുമുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തിന് അടുത്ത് താമസിക്കുന്നവരുടെ മൊഴിയിലും വ്യക്തമാണെന്നും കലാഭവന്‍ സോബിക്ക് ഭീഷണിയുണ്ടെന്ന വാദവും കളവാണെന്നും ക്രൈംബ്രാഞ്ച് വ്യക്രമാക്കി.

ജീവന് ഭീഷണിയുണ്ടെന്ന് സോബി ഒരിക്കലും ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടില്ല. മൊഴി നല്‍കിയ ശേഷം ഒരിക്കല്‍ പോലും ക്രൈംബ്രാഞ്ചിനെ വിളിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.