ബാബരി മസ്ജിദ് കേസില്‍ മധ്യസ്ഥ ശ്രമം ഫലം കണ്ടില്ലെങ്കില്‍ ആഗസ്ത് രണ്ടു മുതല്‍ വാദം കേള്‍ക്കും

Advertisement

ബാബരി മസ്ജിദ് കേസില്‍ ഈ മാസം 31-നകം മധ്യസ്ഥ ശ്രമം വിജയം കണ്ടില്ലെങ്കില്‍ ആഗസ്ത് രണ്ട് മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എഫ് എം ഖലിഫുല്ല അധ്യക്ഷനായ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്ത് രണ്ടിന് വാദം കേള്‍ക്കാന്‍ ദിവസം കുറിക്കുകയാണെന്നും മധ്യസ്ഥ ശ്രമങ്ങളുടെ തല്‍സ്ഥിതിയും പുരോഗതിയും വ്യക്തമാക്കി ജൂലൈ 31-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മൂന്നംഗ മധ്യസ്ഥ സംഘത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ ഫലപ്രദമല്ലെന്നും കേസില്‍ നേരത്തെ വാദംകേള്‍ക്കണമെന്നുമാവശ്യപ്പെട്ട് ഗോപാല്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആഗസ്ത് 15-ന് സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും വാദം കേള്‍ക്കല്‍ എന്നാണ് കോടതി നേരത്തെ തീരുമാനമെടുത്തത്. എന്നാല്‍, അന്യായക്കാരന്റെ ഹര്‍ജിയെ തുടര്‍ന്ന് മധ്യസ്ഥ സമിതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.