വാളയാര്‍ കേസ് പ്രതികള്‍ക്ക് എം.ബി രാജേഷുമായി ബന്ധമെന്ന് അഡ്വ ജയശങ്കര്‍; മര്യാദ പഠിപ്പിച്ചിരിക്കുമെന്ന് രാജേഷിന്റെ മറുപടി

വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ രക്ഷിക്കാന്‍ മുന്‍ എംപിയും സി.പി.ഐ.എം നേതാവുമായ എംബി രാജേഷ് ഇടപെട്ടെന്ന് അഡ്വ എ ജയശങ്കറിന്റെ ആരോപണം. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് അഡ്വ എ ജയശങ്കര്‍ ഉന്നയിച്ചത് ഉന്നയിച്ചത്. ഇതിന് പിന്നാലെ ന്യൂസ് അവര്‍ ചര്‍ച്ചയിലേക്ക് വിളിച്ച എം.ബി രാജേഷ്, താന്‍ നിയമനടപടി സ്വീകരിക്കുമെന്നും എ ജയശങ്കറിനെ മര്യാദ പഠിപ്പിക്കുമെന്നും പ്രതികരിച്ചു.

‘വാളയാര്‍ കേസില്‍ എംബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായിട്ടുള്ള നിതിന്‍ കണിച്ചേരിയും മുന്‍കൈയ്യെടുത്താണ് പ്രതികളെ രക്ഷിച്ചിട്ടുള്ളത്. ആ പ്രതികളിപ്പോള്‍ മാന്യന്മാരായി നെഞ്ചും വിരിച്ച് നടക്കുന്നു. അവര്‍ ഡി.വൈ.എഫ്.ഐയുടെയും സി.പി.ഐ.എമ്മിന്റെയും എല്ലാ ജാഥയ്ക്കും പോകുന്നു’ എന്നായിരുന്നു ജയശങ്കര്‍ പറഞ്ഞത്.

ഇതിന് പിന്നാലെ ന്യൂസ് അവര്‍ ചര്‍ച്ചയിലേക്ക് ഫോണ്‍ ചെയ്ത എംബി രാജേഷ്, അഡ്വ ജയശങ്കറിന്റെ ആരോപണം നിഷേധിച്ചു. തനിക്ക് വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു എംബി രാജേഷ് ന്യൂസ് അവറിലേക്ക് വിളിച്ചത്.

‘ഞാനങ്ങോട്ട് ആവശ്യപ്പെട്ടതാണ്. എന്നെ രണ്ട് മൂന്ന് പ്രേക്ഷകര്‍ വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. ആദ്യം ഇത്തരമൊരു അപമാനകരമായ ആരോപണം ഉന്നയിച്ചത് ഹിന്ദു ഐക്യവേദിയുടെ നേതാവ് ശശികലയാണ്. മറ്റ് ചിലരും ഈ ആരോപണം ഉന്നയിച്ചു. അവര്‍ക്കെതിരായി ഡിജിപിക്ക് പരാതി നല്‍കി. ക്രിമിനല്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. ജയശങ്കര്‍, ആരെയും എന്ത് പുലഭ്യവും പറയാന്‍ ജന്മാവകാശം ഉണ്ടെന്ന് കരുതുന്ന ആളാണ്. സര്‍വ്വത്ര പുച്ഛം, പരമപുച്ഛം പുലഭ്യം പറച്ചില്‍ ഇതൊക്കെ ഒരലങ്കാരമായിട്ടും ഭൂഷണമായിട്ടും കൊണ്ടുനടക്കുന്നൊരാളാണ്. ഞാന്‍ കൂടുതല്‍ അയാളെ കുറിച്ച് പറയുന്നില്ല. പക്ഷെ എന്ത് തെമ്മാടിത്തം പറഞ്ഞാലും കേട്ടിരിക്കാന്‍ വിധിക്കപ്പെട്ടൊരാളല്ല ഞാനെന്ന് അയാളോട് പറയാന്‍ ആഗ്രഹിക്കുന്നു. നിയമനടപടി ജയശങ്കറിന് നേരെയും സ്വീകരിക്കും,’ എംബി രാജേഷ് പറഞ്ഞു.