അഞ്ചുവര്‍ഷം എന്നാല്‍ 18000 ദിവസം വരും, മോദിയെ പിന്തുണയ്ക്കാന്‍ നിരത്തിയ കണക്കില്‍ പിഴച്ച് ബി. ഗോപാലകൃഷ്ണന്‍; ട്രോള്‍ പൂരമൊരുക്കി സോഷ്യല്‍ മീഡിയ

ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെ ട്രോളി സോഷ്യല്‍ മീഡിയ. അഞ്ചുവര്‍ഷത്തില്‍ ഏതാണ്ട് 18,000ത്തിലും 19000ത്തിനും ഇടയില്‍ ദിവസങ്ങളുണ്ട് എന്ന ബി. ഗോപാലകൃഷ്ണന്റെ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ന്യൂസ് നേഷനുമായുള്ള അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ക്യാമറയുമായും ഇമെയിലുമായും ബന്ധപ്പെട്ട് നടത്തിയ അവകാശവാദങ്ങളെ അടിസ്ഥാനമാക്കി നടന്ന ചര്‍ച്ചയില്‍ മോദിയെ പിന്തുണച്ചുകൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അഞ്ചുവര്‍ഷം എന്നു പറഞ്ഞാല്‍ ഏതാണ്ട് പത്തൊമ്പതിനായിരം ദിവസം വരും. ഏതാണ്ട് പതിനെട്ടിനും പത്തൊമ്പതിനും ഇടയില്‍. കാരണം 365 ദിവസമാണെല്ലോ ഒരു വര്‍ഷം. അതിനെ അഞ്ചു കൊണ്ട് ഗുണിക്കുക. ഏതാണ്ട് 17, 18000 ദിവസം വരും. ഇതില്‍ ഒരു ദിവസമെങ്കിലും മലയാളത്തിലെ ന്യൂസ് 18 പ്രധാനമന്ത്രിക്ക് അനുകൂലമായി ഒരു പ്രക്ഷേപണം നടത്തിയിട്ടുണ്ടോ. ചര്‍ച്ച നടത്തിയിട്ടുണ്ടോ?’ എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം.