താൻ മാത്രമല്ല നെഹ്‌റു വരെ ഉപയോഗിച്ചിട്ടുള്ള പദമാണ് ആസാദ് കാശ്മീർ, രാജ്യദ്രോഹിയാക്കാൻ ശ്രമം

താൻ ക്ഷമാപണം നടത്തിയിട്ടും ആസാദ് കശ്മീർ എന്ന പദം ഉപയോഗിച്ചതിന്റെ പേരിൽ താൻ നേരിടുന്നത് വലിയ വേട്ടയാടലാണെന്നും തന്നെ രാജ്യദ്രോഹിയാക്കാനാണ് ശ്രമമെന്നും കെ.ടി. ജലീൽ പറയുന്നു. താൻ മാത്രമല്ല ജവഹർലാൽ നെഹ്‌റു ഉൾപ്പെടെുള്ള നിരവധി നേതാക്കാൾ ഇൻവർട്ടഡ് കോമയിൽ തന്നെ ആസാദ് കാശ്മീർ പദം ഉപയോഗിച്ചിട്ടുണ്ടെന്നും ജലീൽ പറഞ്ഞു. വർത്തമാനകാലത്ത് എന്തുപറയുന്നു എന്നല്ല ആരു പറയുന്നു എന്നാണ് ജനങ്ങൾ നോക്കുന്നത്, എന്നെ രാജ്യദ്രോഹിയാക്കാൻ ശ്രമിച്ചു ടിക്കറ്റ് വരെ എടുത്തുവച്ചു എന്നും ജലീൽ ആരോപിച്ചു.

സമൂഹത്തിൽ വർഗ്ഗീയ വിദ്വേഷമുണ്ടാവരുതെന്ന് കരുതിയാണ് പ്രസ്താവന പിൻവലിച്ചതെന്നും ജലീൽ പറഞ്ഞു. സർവകലാശാല നിയമഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ജലീൽ തന്റെ ഭാഗം വിശദീകരിച്ചത്. എന്റെ ഉമ്മയുടെ ഉപ്പ സൈനികനായിരുന്നു, അത്തരമൊരു കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ആളാണ് താനെന്നും അങ്ങനെയുള്ള തന്നെ രാജ്യദ്രോഹിയാക്കാൻ നടത്തുന്ന ശ്രമങ്ങളോട് പരിഭവമില്ലെന്നും ജലീൽ പറഞ്ഞു.

ആസാദികശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്നീ പരാർമശങ്ങളുടെ പേരിൽ ജലീലിനെതിരെ വലിയ വിമർശനങ്ങളുയർന്നിരുന്നു. ജലീൽ രാജ്യത്തെയും, സൈനികരെയും അപമാനിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധങ്ങൾ നടന്നത്.