വികസനമാണ് പിണറായിയുടെ മുഖമുദ്ര; വികസനകാര്യത്തിൽ സർക്കാരിനൊപ്പമെന്ന് എ.വി ഗോപിനാഥ്

നാടിന്റെ വികസനകാര്യങ്ങളിൽ സംസ്ഥാന സർക്കാരിനൊപ്പമെന്ന് പ്രഖ്യാപിച്ച് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ്‌ നേതാവ് എ.വി ഗോപിനാഥ്. ഗ്രാമപഞ്ചായത്ത് വികസനകാര്യങ്ങളിൽ രാഷ്ട്രീയമില്ലെന്നും കെ വി തോമസിനെ പോലെ ഞങ്ങളും ഒറ്റക്കെട്ടെന്ന് വ്യക്തമാക്കിയ എ.വി ഗോപിനാഥ്, കോൺഗ്രസിനുള്ളിലെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്യ്തു.

കോൺഗ്രസോ, കമ്യൂണിസ്‌റ്റോ എന്നത് അല്ല ഞങ്ങളുടെ പ്രശ്‌നം. അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. സർക്കാർ കാര്യങ്ങൾ പറയുമ്പോൾ ഞങ്ങൾക്ക് രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. ഈ നാടിനെ നയിക്കാൻ കഴിവുള്ളവരെ ജനങ്ങൾ തെരഞ്ഞെടുത്തു. ഇത് അംഗീകരിക്കാനുള്ള മാനസിക തയ്യാറെടുപ്പ് പണ്ടേ സ്വീകരിച്ചിട്ടുണ്ട്.

അതാണ് അങ്ങയുടെ സാന്നിധ്യം ഇന്ന് ഇവിടെയുണ്ടാകാൻ കാരണം എന്നും കൂട്ടിച്ചേർത്തു കെവി തോമസിനെ പോലെ വികസന കാര്യത്തിൽ താനും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തും എൽ. ഡി എഫ് സർക്കാരിനൊപ്പമെന്നാണ് ഗോപിനാഥ് പ്രഖ്യാപിച്ചത്.

‘ കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ഗോപിനാഥിന്റെ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള വേദിയിൽ വച്ചാണ് ഗോപിനാഥ് ഇക്കാര്യം പറഞ്ഞത്.

വികസന കാര്യത്തിൽ എവി ഗോപിനാഥിനെപ്പോലെയുള്ളവർ സഹകരിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി പറഞ്ഞു. നാടിന് പുരോഗതിയാണ് ആവശ്യമായി വേണ്ടത്. അതിന് വികസനം വരണം. ഗോപിനാഥ് സഹകരിക്കുമെന്ന് പറയുന്നത് നല്ല കാര്യമാണ്. ആ സഹകരണം കൂടുതൽ ശക്തമാക്കണമെങ്കിൽ അതിനും തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.